ന്യൂജനറേഷന്‍ പൊളിട്രിക്‌സ്

സബീഷ് നെടുംപറമ്പില്‍
ഉച്ചഭക്ഷണം കഴിഞ്ഞ് കട്ടന്‍ചായയ്ക്കു വേണ്ടി കാത്തിരിക്കുമ്പോഴാണ് വാലേല്‍ തീ പിടിച്ചതു പോലെ കോര ഓടിക്കിതച്ചെത്തിയത്. വീട്ടില്‍ ഫ്രിഡ്ജ് ഉണ്ടോ എന്ന ആദ്യ ചോദ്യം. തൊണ്ട വരളുന്നതു കൊണ്ട് തണുത്ത വെള്ളം അണ്ണാക്കിലേക്ക് കമത്താന്‍ ആയിരിക്കുമെന്നു കരുതി വെള്ളമെടുക്കാം എന്നു ഞാന്‍ പറഞ്ഞു. വീട്ടില്‍ എ സിയുണ്ടോ എന്ന അടുത്ത ചോദ്യം. പരവേശം കൊണ്ടാവും എന്നു കരുതി, വാ കോരെ കിടപ്പുമുറിയില്‍ ഇരുന്നു സംസാരിക്കാമെന്ന,് ഞാന്‍ പറഞ്ഞു. എല്ലാ വര്‍ഷവും വീട് പെയിന്റ് ചെയ്യാറുണ്ടോ എന്ന് പിന്നെയും ചോദ്യം.
ഞാന്‍ ഒന്നു സംശയിച്ചു. ഈ കോരയ്ക്ക് എന്തു പറ്റി? തലയ്ക്കുള്ളിലെ ഫിലമെന്റ് മുഴുവന്‍ അടിച്ചു പോയോ? കാല്‍ ലക്ഷം രൂപ കൈയ്യില്‍ നിന്ന് പോയി സാറെ… കോര നെഞ്ചത്തടിച്ച് പറഞ്ഞു തുടങ്ങി. വീടിനു മുമ്പിലെ മഴ നനഞ്ഞ് കൊഴഞ്ഞ റോഡ് മെറ്റലിട്ട് തന്നതിന് ഉപകാര സ്മരണയായി മെമ്പറുടെ ഫഌക്‌സ് വാര്‍ഡു മുഴുവന്‍ വയ്ക്കാമെന്ന് ഏറ്റതാണ്. കാശ് മുടക്കി ഫഌക്‌സ് അടിപ്പിക്കുകയും ചെയ്തു. പുതുപ്പള്ളി പുണ്യാളന്റെ പ്രഖ്യാപനം വന്നതോടെ കാര്യങ്ങള്‍ കൂഴച്ചക്കപോലെ കുഴഞ്ഞു. ഇപ്പം മെമ്പര്‍ക്ക് ഫഌക്‌സ് വേണ്ട പണം മതി. പാവം കോര. ഉത്തരത്തിലുള്ളതും കക്ഷത്തിലുള്ളതും ഒരു പോലെ പോയി.ഞാന്‍ പറഞ്ഞു ഫഌ്‌സ് ബോര്‍ഡുകള്‍ സൃഷ്ടിക്കുന്ന മാലിന്യപ്രശ്‌നങ്ങളെക്കുറിച്ച്. കോര എന്താ അറിവില്ലാത്തത്? ഓസോണ്‍ പാളിയില്‍ ഉണ്ടാകുന്ന തുളകളെക്കുറിച്ച് കോര ചിന്തിക്കാത്തത് എന്തു കൊണ്ട്്? കോര മറു ചോദ്യം ചോദിച്ച് തുടങ്ങി. അപ്പോള്‍ സാറെ ഫ്രിഡ്ജിലും എസിയിലും പെയ്ന്റിലും നിന്നുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇതിലും അധികമല്ലേ? വെള്ളക്കരവും ഭൂമിയുടെ ന്യായവിലയും കറന്റ് ബില്ലും കുത്തനെ വര്‍ദ്ധിപ്പിച്ചതോര്‍ത്തു ജനങ്ങള്‍ ചൊറിഞ്ഞു തുടങ്ങുന്നതിനു മുമ്പ് ചൂലെടുത്തു ഫോട്ടോയ്ക്ക് പോസ് ചെയ്യുക. മദ്യം നിരോധിച്ചു കൈയ്യടി വാങ്ങുക. കക്കൂസിലിരുന്ന് പോലും മുറി ബീഡി വലിക്കുന്നവനെ ഗവണ്‍മെന്റ് ജോലിയില്‍ നിന്നു പിരിച്ചു വിടുക. സ്വന്തം ഫഌക്‌സ് വലിച്ചുകീറി പുണ്യാളച്ചനാകുക. ഇതാണു കോരെ ന്യൂ ജനറേഷന്‍ പൊളിട്രിക്‌സ്.
വാല്‍ക്കഷ്ണം: ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ജോലി കൊടുക്കേണ്ട. നികുതി പണം ഇനിയും കിട്ടും. റബറിനെ സംരക്ഷിക്കാം. പാലായിലെ മാണിക്യം റബ്ബര്‍ ഷീറ്റില്‍ ഫഌക്‌സ് അടിച്ചു തുടങ്ങി. എന്നിട്ടു കണ്ണിറുക്ക് ചെറു ചുമയോടെ പറയുന്നു. എല്ലാം ജോസുമോന്റെ ബുദ്ധിയാണ്.

You must be logged in to post a comment Login