ന്യൂജന്റെ സ്വന്തം ഡിയോ; കലക്കന്‍ നിറത്തില്‍ പുതിയ മോഡലുമായി ഹോണ്ട

Indian Telegram Android App Indian Telegram IOS App

ബുള്ളറ്റില്‍ മാത്രമല്ല സ്‌കൂട്ടറിലും യുവാക്കള്‍ക്ക് കമ്പം കൂടുതലാണ്. അത് ഡിയോ ആണെങ്കിലോ? പറയണ്ട. സംഗതി കിടിലനായിരിക്കും. അടിപൊളി ലുക്കില്‍ ഡിയോയില്‍ ചീറിപായുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഹോണ്ടയുടെ ഡിയോയാണ് ഇപ്പോള്‍ യുവാക്കളെ ഹരംകൊള്ളിക്കുന്നത്. ന്യൂജനറേഷന്‍ ബൈക്കുകളില്‍ നിന്ന് സ്‌കൂട്ടറിലേക്ക് യുവത്വം വഴിമാറിയപ്പോള്‍, പലരും കൂട്ടുപിടിച്ചത് ഡിയോയെയാണ്. എല്ലാവരെയും ആകര്‍ഷിക്കുന്ന കുഞ്ഞന്‍ രൂപം തന്നെയാണ് ഡിയോയെ നിരത്തില്‍ കൂടുതല്‍ അടിപൊളിയാക്കുന്നത്.

രാജ്യത്ത് ബിഎസ് ഫോര്‍ എന്‍ജിനുകള്‍ നിര്‍ബന്ധമാക്കിയതോടെ, ഡിയോയും പുതിയ മോഡലുമായി രംഗത്തെത്തി. റോഡിലൂടെ പോകുമ്പോള്‍ ആരും ഒന്ന് നോക്കി നിന്ന് പോകുന്ന ആകര്‍ഷക നിറം ഡിയോയ്ക്ക് നല്‍കാന്‍ ഹോണ്ട ശ്രമിച്ചു. പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ, സ്‌പോര്‍ട്‌സ് റെഡ്, വൈബ്രന്റ് ഓറഞ്ച്, മാറ്റേ ആക്‌സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ജാസി ബ്ലൂ തുടങ്ങിയ നിറങ്ങളില്‍ ലഭിക്കും. ഒപ്പം തകര്‍പ്പന്‍ ബോഡി ഗ്രാഫിക്‌സുമുണ്ട്. ഇതില്‍പ്പരം ന്യൂജനറേഷന് ഇനി എന്തു വേണം.

103 കിലോ ഗ്രാം മാത്രം തൂക്കമുള്ള സ്‌കൂട്ടര്‍ ഏത് ഗതാഗതക്കുരുക്കിലും വെട്ടിച്ചു പറപറപ്പിക്കാം. 109 സിസിയാണ് എന്‍ജിന്‍. 7000 ആര്‍പിഎമ്മില്‍ എട്ട് ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.91 എന്‍എം ടോര്‍ക്കുമേകുന്നതാണിത്. 55 കിലോമീറ്ററാണ് മൈലേജ്. സെല്‍ഫ് സ്റ്റാര്‍ട്ടും കിക്ക് സ്റ്റാര്‍ട്ടുമുണ്ട്. ഫ്രണ്ട് അപ്രോണും ലൈറ്റിംങ് സിസ്റ്റവും പുതുക്കിയിട്ടുണ്ട്. 60,126 രൂപയാണ് ഡിയോയുടെ ഓണ്‍റോഡ് വില.

You must be logged in to post a comment Login