ന്യൂജെന്‍ കാന്താരി ഇനി വിപണിയില്‍ മാത്രം

നിലമ്പൂര്‍: ഒരുകാലത്ത് വീട്ടു മുറ്റങ്ങളില്‍ വരെ സുലഭമായിരുന്ന കാന്താരി മുളക് ഇന്ന് കിട്ടാകനിയാകുന്നു. യഥാര്‍ഥ കാന്താരി മുളക് കാണണമെങ്കില്‍ വലിയ കാടുകളിലേക്കും, പുഴയോരങ്ങളിലേക്കും തേടിപോകണം. വലിയ വില കൊടുത്താല്‍ തന്നെ മാളുകളില്‍ കിട്ടിയാല്‍ ഭാഗ്യമെന്ന് പലരും പറയുന്നു.

പഴയ വീട്ടമ്മമാര്‍ കറിക്കൂട്ടുകളില്‍ പ്രധാനമായും ചേര്‍ത്തിരുന്നത് കാന്താരിയായിരുന്നു. എന്നാല്‍ ഇന്ന് കാന്താരിയുടെ സ്ഥാനത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചമുളകുകള്‍ സ്ഥാനം പിടിച്ചതോടെ അടുക്കളയില്‍ നിന്ന് കാന്താരി മുളക് പടിയിറങ്ങി. വലുപ്പത്തില്‍ ചെറുപ്പമാണെങ്കിലും എരുവില്‍ കാന്താരി വമ്പനാണ്. കൊളസ്‌ട്രോള്‍, ഷുഗര്‍ നിവാരണിയാണെന്ന പ്രചാരണവും ഏറിയതോടെ കാന്താരിയുടെ ആവശ്യം വര്‍ധിച്ചു.

ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും കാന്താരി ഇപ്പോള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. പുതുതലമുറ കാന്താരി തേടി വിപണിയിലെത്തുന്നുണ്ടെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും കാന്താരിയുടെ വില കേള്‍ക്കുന്നതോടെ പലരും ഞെട്ടുകയാണ്. കിലോഗ്രാമിന് 850 രൂപ മുതല്‍ 1000 രൂപ വരെയാണ് വില.
ആദിവാസികളില്‍ നിന്നും മലമ്പ്രദേശത്തുള്ള ആളുകളില്‍ നിന്നും വിലകൊടുത്തു ആളുകള്‍ വാങ്ങുന്നുണ്ട്. പല മരുന്നുകളിലും കാന്താരി ചേരുവയായിട്ടുണ്ട്.

You must be logged in to post a comment Login