‘ന്യൂസിലന്‍ഡും ഞങ്ങളും തമ്മില്‍ കാര്യമായ വ്യത്യാസമില്ലായിരുന്നു’ ലോകകപ്പ് ഫൈനല്‍ നീതിപൂര്‍വമെന്ന് പറയാനാവില്ലെന്ന് മോര്‍ഗന്‍

ലണ്ടന്‍: ലോകകപ്പ് ഫൈനല്‍ മത്സരം നീതിപൂര്‍വമായിരുന്നെന്ന് പറയാന്‍ കഴിയില്ലെന്ന് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഫൈനലില്‍ നിശ്ചിത അമ്പത് ഓവറും സൂപ്പര്‍ ഓവറും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചത്. കിരീടം നേടി ഓരാഴ്ച പിന്നിട്ടതിനു പിന്നാലെയാണ് മത്സരത്തെക്കുറിച്ച് മോര്‍ഗന്‍ പ്രതികരിച്ചത്.

‘ഇംഗ്ലണ്ട് ടീം ശരിക്കും ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാവുന്നില്ല. ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലായിരുന്നു. ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നു, അതുപോലെ അവരും. ഞങ്ങള്‍ക്ക് തോല്‍ക്കാനാവില്ലായിരുന്നു, അവര്‍ക്കും. അതുകൊണ്ടുതന്നെ ഇതുപോലൊരു ഫലം ഒരിക്കലും നീതീപൂര്‍വമാണെന്ന് പറയാനാവില്ല.’ മോര്‍ഗന്‍ പറഞ്ഞു.

മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ച നിമിഷം എന്ന് പറയാനാകുന്ന ഒന്നില്ലെന്നും രണ്ടുടീമിനും ഒരുപോലെതന്നെയായിരുന്നു മത്സരമെന്നും പറഞ്ഞ ഇംഗ്ലീഷ് നായകന്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനോട് ഇക്കാര്യം സംസാരിച്ചിരുന്നെന്നും വ്യക്തമാക്കി. മത്സരത്തിനിടെ എല്ലാം ശരിയാണെന്നു തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ ശരികേടുണ്ടെന്നും തോന്നുകയാണെന്നും മോര്‍ഗന്‍ പറയുന്നു.

നേരത്തെ ഓവര്‍ ത്രോയില്‍ ആറു റണ്‍സ് അനുവദിച്ച തീരുമാനത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് മത്സരത്തിലെ ഫീല്‍ഡ് അംപയറായിരുന്ന കുമാര്‍ ധര്‍മസേന തുറന്ന് പറഞ്ഞിരുന്നു. അഞ്ച് റണ്‍സ് അനുവദിക്കേണ്ടിടത്താണ് അംപയര്‍ ഇംഗ്ലണ്ടിന് അനുകൂലമായി ആറ് റണ്‍സ് നല്‍കിയിരുന്നത്.

You must be logged in to post a comment Login