ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്ക് 80റണ്‍സിന്റെ ദയനീയ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍, ഇന്ത്യയുടെ മറുപടി 19.2 ഓവറില്‍ 139 റണ്‍സില്‍ ഒതുങ്ങി. ഇതോടെ, മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0നു പിന്നിലായി.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 220 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനുള്ള പ്രാപ്തി കടലാസില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നുവെന്നതാണ് സത്യം. കളത്തില്‍ പക്ഷേ, തൊട്ടതെല്ലാം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ ഒരു റണ്ണുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടക്കമിട്ട തിരിച്ചുനടത്തം, പിന്നാലെയെത്തിയവര്‍ പിന്തുടര്‍ന്നതോടെ കൂട്ടനടത്തമായി. ടീം ഒന്നടങ്കം ബാറ്റുവച്ചു കീഴടങ്ങുമ്പോഴെല്ലാം ഒറ്റയാള്‍ പോരാളിയുടെ വേഷമിടുന്ന മഹേന്ദ്രസിങ് ധോണിയാണ് ഇക്കുറിയും ടീമിന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 39 റണ്‍സുമായി ധോണി പുറത്തായി. ന്യൂസീലന്‍ഡിനായി ടിം സൗത്തി മൂന്നും ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഓപ്പണര്‍ രോഹിത് ശര്‍മ മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ടിം സൗത്തിക്കു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതു മുതല്‍ പരീക്ഷണങ്ങളുടെ ചാകരയായിരുന്നു ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍. മൂന്നാമനായി ക്രീസിലെത്തിയത് വിജയ് ശങ്കര്‍ എന്ന താരതമ്യേന പുതുമുഖമായ താരം. 18 പന്തില്‍ രണ്ടുവീതം ബൗണ്ടറിയും സിക്‌സും സഹിതം 27 റണ്‍സെടുത്തെങ്കിലും മൂന്നാം നമ്പറിന്റെ ‘ഭാരിച്ച’ ഉത്തരവാദിത്തം ഭംഗിയാക്കാന്‍ വിജയിനായില്ല.

പിന്നീടെത്തിയ ഋഷഭ് പന്ത് (10 പന്തില്‍ നാല്), ദിനേഷ് കാര്‍ത്തിക് (ആറു പന്തില്‍ അഞ്ച്), ഹാര്‍ദിക് പാണ്ഡ്യ (നാലു പന്തില്‍ നാല്), ഭുവനേശ്വര്‍ കുമാര്‍ (മൂന്നു പന്തില്‍ ഒന്ന്), യുസേവേന്ദ്ര ചഹല്‍ (മൂന്നു പന്തില്‍ ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍, ധോണിക്കു പുറമെ ഭേദപ്പെട്ടുനിന്നത് ടീമിലേക്ക് തിരിച്ചെത്തിയ ക്രുനാല്‍ പാണ്ഡ്യ മാത്രം. 18 പന്തില്‍ ഓരോ സിക്‌സും ബൗണ്ടറിയും സഹിതം 20 റണ്‍സെടുത്ത പാണ്ഡ്യ, ഏഴാം വിക്കറ്റില്‍ ധോണിക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുെകട്ടും (52) തീര്‍ത്തു. ഇന്ത്യന്‍ നിരയിലെ ഏക അര്‍ധസെഞ്ചുറി കൂട്ടുകെട്ട്. വെറും 10 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് അവസാന നാലു വിക്കറ്റ് നഷ്ടമായത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ്, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. സിക്‌സുകളും ബൗണ്ടറികളും കൊണ്ട് വെല്ലിങ്ടന്‍ വെസ്റ്റ്പാക് സ്റ്റേഡിയം നിറച്ച ടിം സീഫര്‍ട്ടാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ ഏഴു ബൗണ്ടറിയും ആറു പടുകൂറ്റന്‍ സിക്‌സും സഹിതം 84 റണ്‍സെടുത്താണ് സീഫര്‍ട്ട് പുറത്തായത്. ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡ് താരം ട്വന്റി20യില്‍ നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് സീഫര്‍ട്ടിന്റെ 84. കോളിന്‍ മണ്‍റോ (പുറത്താകാതെ 109), ബ്രണ്ടന്‍ മക്കല്ലം (91) എന്നിവരാണ് സീഫര്‍ട്ടിനു മുന്നിലുള്ളത്.

കോളിന്‍ മണ്‍റോ (20 പന്തില്‍ 34), കെയ്ന്‍ വില്യംസന്‍ (22 പന്തില്‍ 34), റോസ് ടെയ്‌ലര്‍ (14 പന്തില്‍ 23) സ്‌കോട്ട് കുഗ്ഗെലെയ്ന്‍ (ഏഴു പന്തില്‍ പുറത്താകാതെ 20) എന്നിവര്‍ ന്യൂസീലന്‍ഡ് നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. നിരാശപ്പെടുത്തിയത് അരങ്ങേറ്റ മല്‍സരം കളിച്ച ഡാരില്‍ മിച്ചല്‍ (ആറു പന്തില്‍ എട്ട്), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (മൂന്ന്) എന്നിവര്‍ മാത്രം. മിച്ചല്‍ സാന്റ്‌നര്‍ അവസാന പന്തിലെ ബൗണ്ടറി ഉള്‍പ്പെടെ ഏഴു റണ്‍സുമായി പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റില്‍ കോളിന്‍ മണ്‍റോ ടിം സീഫര്‍ട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 86 റണ്‍സാണ് ന്യൂസീലന്‍ഡിന് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്. ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹിച്ച സഖ്യം വെറും 50 പന്തിലാണ് 86 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ മണ്‍റോയെ വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ച് ക്രുനാല്‍ പാണ്ഡ്യയാണ് കൂട്ടുകെട്ടു പൊളിച്ചത്. രണ്ടാം വിക്കറ്റില്‍ വില്യംസന്‍ സീഫര്‍ട്ട് സഖ്യം 48 റണ്‍സും മൂന്നാം വിക്കറ്റില്‍ വില്യംസന്‍ ഡാരില്‍ സഖ്യം 30 റണ്‍സും കൂട്ടിച്ചേര്‍ത്തു. പിന്നീട് ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ടെയ്‌ലര്‍ ഗ്രാന്‍ഡ്‌ഹോം സഖ്യം 25 റണ്‍സും പിരിയാത്ത ഏഴാം വിക്കറ്റില്‍ സാന്റ്‌നര്‍ കുഗ്ഗെലെയ്ന്‍ സഖ്യം 11 പന്തില്‍ 28 റണ്‍സും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നിരയില്‍ പന്തെടുത്തവരെല്ലാം വിക്കറ്റ് നേടിയെങ്കിലും നല്ലവണ്ണം തല്ലുവാങ്ങി. ഇന്ത്യന്‍ നിരയില്‍ രണ്ടു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഏറ്റവും കൂടുതല്‍ ‘തല്ലു വാങ്ങി’യത്. നാല് ഓവറില്‍ വിട്ടുകൊടുത്തത് 51 റണ്‍സ്. തമ്മില്‍ മികച്ചുനിന്നത് സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹല്‍ (നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്), ക്രുനാല്‍ പാണ്ഡ്യ (നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്) എന്നിവര്‍ മാത്രം. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയും ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് കിവീസ് നിരയില്‍ ആദ്യം പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ടിം സീഫര്‍ട്ടിനൊപ്പം 86 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത മണ്‍റോയെ ക്രുനാല്‍ പാണ്ഡ്യയാണ് പുറത്താക്കിയത്. 20 പന്തില്‍ രണ്ടു വീതം സിക്‌സും ബൗണ്ടറിയും സഹിതം 34 റണ്‍സെടുത്ത മണ്‍റോ വിജയ് ശങ്കറിന് ക്യാച്ചു സമ്മാനിച്ചു. ഓപ്പണര്‍ ടിം സീഫര്‍ട്ടിന്റേതായിരുന്നു അടുത്ത ഊഴം. രാജ്യാന്തര ട്വന്റി20യിലെ കന്നി അര്‍ധസെഞ്ചുറി നേടിയ സീഫര്‍ട്ട്, 43 പന്തില്‍ ഏഴു ബൗണ്ടറിയും ആറു പടുകൂറ്റന്‍ സിക്‌സും സഹിതം 84 റണ്‍സെടുത്താണ് പുറത്തായത്. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ കുറ്റി തെറിച്ചാണ് സീഫര്‍ട്ടിന്റെ മടക്കം. പിന്നാലെ ഡാരില്‍ മിച്ചല്‍ (എട്ട്), കെയ്ന്‍ വില്യംസന്‍ (22 പന്തില്‍ 34) എന്നിവര്‍ തുടര്‍ച്ചയായ പന്തുകളില്‍ മടങ്ങിയതോടെ നാലിന് 164 റണ്‍സ് എന്ന നിലയിലായി കിവീസ്. പിന്നീട് റോസ് ടെയ്‌ലറും അവസാന വിക്കറ്റില്‍ മിച്ചല്‍ സാന്റ്‌നര്‍ കുഗ്ഗെലെയ്ന്‍ സഖ്യവും നടത്തിയ പോരാട്ടമാണ് കിവീസ് സ്‌കോര്‍ 200 കടത്തിയത്.

You must be logged in to post a comment Login