പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനാവണം, എവിടെ വേണമെങ്കിലും മരുന്നെത്തിക്കും: ആരോഗ്യമന്ത്രി  

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ ഇനി എറ്റവും ശ്രദ്ധവെക്കേണ്ടത് രോഗപ്രതിരോധമാണെന്നും അതിനുള്ള ഒരുക്കങ്ങള്‍ ക്രമീകരിച്ചതായും ആരോഗ്യമന്ത്രി കെ.കെ ശൈലജ. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറെയാണ്. തുടക്കത്തിലേ അതിനെ പ്രതിരോധിക്കാനാകണമെന്നും മന്ത്രി പറഞ്ഞു.

അത്തരത്തിലുള്ള എതെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ ഉടനെ ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തണം. താലൂക്ക് തലത്തില്‍തന്നെ ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്നുണ്ട്. വൈദ്യസഹായം തേടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററും സജ്ജമാണ്.

വീടുകളും മറ്റും വൃത്തിയാക്കുന്നതിനുള്ള ക്ലോറിനേഷന്‍ കൃത്യമായി നടപ്പാക്കും. ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ക്ലോറിനേഷന് 100 വീടിന് ഒരു ടീം തയ്യറാണ്.

ക്യാംപുകളില്‍ കഴിയുന്നവരുടേയും വീടുകളില്‍ കഴിയുന്നവരുടേയും ആരോഗ്യം പരിചരിക്കണം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്യാംപുകളിലും വീടുകളിലും ഇവര്‍ വൈദ്യസഹായം നല്‍കും. പല ക്യാംപുകളിലും ഡയാലിസ് വേണ്ടവരും അര്‍ബുദബാധിതരുമുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി ചികില്‍സ നല്‍കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ സ്വകാര്യ ആശുപത്രികളിലേക്കടക്കം റഫര്‍ചെയ്യും.

You must be logged in to post a comment Login