പകർച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പുതിയ നിയമവുമായി സർക്കാർ

പകർച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പുതിയ നിയമവുമായി സർക്കാർ

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. പ്രതിരോധ നടപടികൾക്ക് സംസ്ഥാനത്തിന് കൂടുതൽ അധികാരം നൽകുകയാണ് നിയമനിർമ്മാണത്തിന്റെ ഉദ്ദേശം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.

നിലവിലുള്ള ട്രാവന്‍കൂര്‍ എപിഡെമിക് ഡിസീസ് ആക്ട്, കൊച്ചിന്‍ എപിഡെമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡെമിക്സ് ഡിസീസ് ആക്ടിന് (1897) മലബാര്‍ മേഖലയില്‍ പ്രാബല്യമില്ലാതാക്കി കൊണ്ടുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കേരള എപിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാന്‍സ്പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും സര്‍ക്കാരിന് കഴിയും.

ഫാക്ടറികള്‍, കടകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഗോഡൗണുകള്‍ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സര്‍വ്വീസുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാനും സാധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടുകൂടിയോ ചുമത്താമെന്നാണ് വ്യവസ്ഥ.

You must be logged in to post a comment Login