പച്ചക്കറികളെ ആക്രമിക്കുന്ന വെള്ളീച്ചകളെ അകറ്റാം

നേഴ്‌സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ വെള്ളീച്ചകള്‍ ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും ഈച്ചയും അടിവശത്തിരുന്ന് നീര് ഊറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ കൈകൊണ്ട് ഇളക്കിനോക്കിയാല്‍ വെള്ളീച്ചകള്‍ പറക്കുന്നത് കാണാം. മുളകിനെ ബാധിക്കുന്ന ലീഫ് കേള്‍ എന്ന വൈറസ് രോഗവും വെള്ളീച്ച പരത്തുന്നു. ജൈവകൃഷിരീതിയില്‍ ഇവയെ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.
ഒഴിഞ്ഞ ടിന്നിന്റെ പുറംഭാഗത്ത് മുഴുവന്‍ മഞ്ഞപെയിന്റടിച്ച് ഉണക്കിയശേഷം അതിന്മേല്‍ ആവണക്കെണ്ണ പുരട്ടി പച്ചക്കറിത്തോട്ടത്തില്‍ കെട്ടിത്തൂക്കുക. വെള്ളീച്ചകള്‍ ഇവയില്‍ ഒട്ടിപ്പിടിച്ചു നശിക്കും. കടുംമഞ്ഞ നിറത്തിലുള്ള പ്ലസ്റ്റിക് ഷീറ്റോ കട്ടികൂടിയ മഞ്ഞ കടലാസോ എടുത്ത് ഇരുവശവും ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ കമ്പുനാട്ടി കടലാസ് വലിച്ചുകെട്ടിയും ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാം. വളര്‍ച്ച പ്രാപിച്ച ചെടികള്‍ക്കിടയിലും നഴ്‌സറിയില്‍ ഭൂതലത്തിലും വേണം മഞ്ഞക്കെണി സ്ഥാപിക്കാന്‍.
ആഴ്ചയിലൊരിക്കല്‍ ഇത് വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടണം. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വെര്‍ട്ടിസീലിയം ലക്കാനി എന്ന കുമിളിനെ ഉപയോഗിച്ചും വെള്ളീച്ചയെ നിയന്ത്രിക്കാം. വെര്‍ട്ടിസീലിയം മൂന്നു മുതല്‍ അഞ്ച് ഗ്രാം /മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടിയില്‍ തളിക്കണം.
20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 50 മി.ലി. വെള്ളത്തില്‍ ചേര്‍ത്ത് സത്ത് ഊറ്റിയെടുക്കുക. 50 മി.ലി. വെള്ളത്തില്‍ അഞ്ച് ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച ലായനിയുമായി കൂട്ടിച്ചേര്‍ക്കുക. ഇതില്‍ 900 മി.ലി. ജലവും 20 മി.ലി. വേപ്പെണ്ണയും കൂട്ടിചേര്‍ത്ത് നന്നായി ഇളക്കി ചെടികളില്‍ തളിക്കാം.
വേലിച്ചെടിയുടെ ഇലയും പൂവും കായും സമൂലം ഒരു കി. ഗ്രാം നന്നായി ചതച്ചരച്ച് അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 23 മണിക്കൂര്‍ ചൂടാക്കി മൂന്നിലൊരു ഭാഗമാകുമ്പോള്‍ തണുത്തശേഷം 100 മി.ലി 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം. മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ ഇരുവശത്തും നന്നായി പതിക്കുംവിധം തളിക്കുക. ഇലയ്ക്കടിയിലാണ് കൂടുതല്‍ ആക്രമണമെന്നതും കൂടുതല്‍ ആഗിരണശേഷിയുള്ള കോശങ്ങള്‍ ഇലയ്ക്കടിയിലാണ് ഉള്ളതെന്നുമുള്ള വസ്തുത മനസ്സിലാക്കി അന്തരീക്ഷ താപനില കുറഞ്ഞ വൈകുന്നേരങ്ങളില്‍ മാത്രം മരുന്ന് തളിക്കുക.

You must be logged in to post a comment Login