പച്ചക്കൊളുന്തിന് വിലയേറി; തേയില കര്‍ഷകര്‍ ആഹ്ലാദത്തില്‍

കട്ടപ്പന: പച്ചക്കൊളുന്തിന്റെ വിലയില്‍ മുന്നേറ്റമുണ്ടായതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ നാമ്പിടുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പച്ചക്കൊളുന്തിന് മെച്ചപ്പെട്ട വില ലഭിക്കുന്നത്. ടീ ബോര്‍ഡ് അധികൃതര്‍ ഓരോ മാസവും കുറഞ്ഞ വില നിശ്ചയിച്ച് കര്‍ഷകരെ അറിയിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകരുടെ ദുരിതത്തിന് അറുതിയാകുന്നത്.
നിലവില്‍ 13 രൂപ മുതല്‍ 18.50 രൂപ വരെയാണ് വിവിധ മേഖലകളില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കര്‍ഷകര്‍ എത്തിക്കുന്ന കൊളുന്ത് ഫാക്ടറികള്‍ പൂര്‍ണമായി വാങ്ങാന്‍ തയാറാകുന്നതും ഗുണകരമായി. കഴിഞ്ഞ വര്‍ഷം ഇതേസമയം പച്ചക്കൊളുന്ത് വെറും മൂന്നു രൂപയ്ക്കുപോലും വില്‍ക്കാനാവാത്ത സ്ഥിതിയിലായിരുന്നു കര്‍ഷകര്‍.
ചെറുകിട തേയില കര്‍ഷകരുടെ സമരത്തെ തുടര്‍ന്ന് ടീ ബോര്‍ഡ് അധികൃതര്‍ നടത്തിയ ഇടപെടലുകളാണ് വില ഉയരാന്‍ ഇടയാക്കിയത്.
പച്ചക്കൊളുന്തിന്റെ വില കുത്തനെ ഇടിഞ്ഞതോടെ ചെറുകിട തേയില കര്‍ഷക ഫെഡറേഷന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചിരുന്നു. പല ഫാക്ടറികളും കര്‍ഷകരില്‍ നിന്ന് കൊളുന്ത് വാങ്ങാന്‍ വിസമ്മതിക്കുന്ന സ്ഥിതിയായിരുന്നു.
ചിലയിടങ്ങളില്‍ കര്‍ഷകര്‍ എത്തിക്കുന്ന കൊളുന്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ഫാക്ടറികള്‍ വാങ്ങിയിരുന്നത്. അതിനാല്‍ അവശേഷിക്കുന്ന ഭൂരിഭാഗം കൊളുന്തും റോഡരുകിലും മറ്റും ഉപേക്ഷിക്കേണ്ട ഗതികേടിലായിരുന്നു കര്‍ഷകര്‍.
തൊഴിലാളികള്‍ക്ക് കൂലി നല്‍കി കൊളുന്ത് നുള്ളാന്‍ കഴിയാത്തതിനാല്‍ വിളവെടുപ്പ് നടത്താത്ത കര്‍ഷകരുമുണ്ട്.
മൂത്ത് നശിക്കുന്ന കൊളുന്ത് വെട്ടിനീക്കാന്‍ കൂടുതല്‍ തുക മുടക്കേണ്ടതിനാല്‍ ചിലര്‍ പച്ചക്കൊളുന്ത് വിളവെടുത്ത് തോട്ടത്തില്‍തന്നെ ഉപേക്ഷിച്ചു. പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകാതെ വന്നതോടെ ഫാക്ടറികള്‍ക്ക് മുന്നില്‍ കുടിലുകെട്ടി സമരം നടത്താന്‍ കര്‍ഷകര്‍ തയാറെടുത്തു. ഇതോടെയാണ് കര്‍ഷകര്‍ക്ക് നിശ്ചിത വില ഉറപ്പാക്കാന്‍ ടീ ബോര്‍ഡ് ഇടപെടല്‍ നടത്തിയത്.
പച്ചക്കൊളുന്തിന് ഓരോ മാസവും തറവില നിശ്ചയിച്ച് ടീ ബോര്‍ഡ് അധികൃതര്‍ ഫാക്ടറികളെയും കര്‍ഷകരെയും അറിയിക്കുന്നുണ്ട്. കഴിഞ്ഞ മാസം കിലോഗ്രാമിന് 12.20 രൂപയും ഈ മാസം 12.60 രൂപയും നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ആഭ്യന്തര മാര്‍ക്കറ്റില്‍ തേയില പൊടിയുടെ വില കുത്തനെ ഉയര്‍ന്നതും പച്ചക്കൊളുന്തിന്റെ വില ഉയരാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. തേയില പൊടിക്ക് ഗുണനിലവാരമനുസരിച്ച് കിലോഗ്രാമിന് 30 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
ഗുണമേന്‍മയുള്ള തേയില കൊളുന്ത് എത്തിക്കുന്ന കര്‍ഷകര്‍ക്ക് മികച്ച വില നല്‍കാന്‍ ഫാക്ടറികള്‍ മത്സരിക്കുന്നത് വിലയില്‍ ഇനിയും ഉണര്‍വുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്.
ചെറുകിട തേയില കര്‍ഷകര്‍ ജില്ലയില്‍ ആറുലക്ഷം കിലോഗ്രാമോളം കൊളുന്ത് ദിവസേന ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

You must be logged in to post a comment Login