പച്ചമുളക് കൃഷിക്കാര്‍ക്ക് ചാകര

വിവാഹങ്ങളുടേയും ആഘോഷങ്ങളുടേയും സീസണ്‍ എത്തിയതോടെ തൃശൂരിന്റെ മലയോരത്തെ പച്ചമുളക് കൃഷിക്കാര്‍ക്ക് ചാകര. ഉല്‍പാദനം കുറവാണെങ്കിലും മികച്ച വില കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ് അവര്‍. കിലോക്ക് 450 മുതല്‍ 500 രൂപ വരെയാണ് നാടന്‍ പച്ചമുളകിന് വില ലഭിക്കുന്നത്. ജനുവരി ആദ്യവാരത്തില്‍ 600 രൂപ വരെ വില കിട്ടിയിരുന്നതായി കര്‍ഷകര്‍ പറഞ്ഞു.തൃശൂര്‍ ജില്ലയിലെ പച്ചക്കറി വിപണിയിലേക്ക് പ്രധാനമായും നാടന്‍ പച്ചമുളക് എത്തുന്നത് മറ്റത്തൂര്‍ അടക്കമുള്ള മലയോര മേഖലയില്‍നിന്നാണ്. മറ്റത്തൂരാണ് പച്ചമുളക് കൃഷിയില്‍ മുന്നില്‍. കോടശേരി, വരന്തരപ്പിള്ളി, അളഗപ്പനഗര്‍, തൃക്കൂര്‍, പരിയാരം പഞ്ചായത്തുകളില്‍നിന്നും ജില്ലയിലെ വിപണിയിലേക്ക് പച്ചമുളക് എത്തുന്നുണ്ട്.കിസ്മസും മണ്ഡലകാലവും കഴിഞ്ഞതോടെ പച്ചമുളകിന് ആവശ്യക്കാരേറെയാണ്. പള്ളിപ്പെരുന്നാളുകളുടേയും ക്ഷേത്രോത്സവങ്ങളുടേയും വിവാഹസദ്യകളുടേയും തിരക്കായതോടെയാണ് ആവശ്യക്കാര്‍ വര്‍ധിച്ചത്. മറ്റത്തൂരില്‍ വ്യാപകമായി കൃഷി ചെയ്യുന്ന കോടാലി മുളക് എന്ന നാടന്‍ ഇനമാണ് പ്രധാനമായും വിപണിയിലെത്തുന്നത്. ജലസേചനം അനിവാര്യമായതിനാല്‍ മഴക്കാലത്താണ് മലയോരമേഖലയില്‍ പച്ചമുളകിന്റെ ഉല്‍പാദനം കൂടുതലുള്ളത്. വേനല്‍മാസങ്ങളില്‍ ഉല്‍പാദനം കുറവാണ്. പഴം-പച്ചക്കറി പ്രമോഷന്‍ കൗണ്‍സിലിനു കീഴില്‍ കോടാലിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക ചന്തയിലേക്ക് ആഴ്ചയില്‍ ശരാശരി അരടണ്ണോളം പച്ചമുളകാണ് ഇപ്പോള്‍ എത്തുന്നത്.

 

You must be logged in to post a comment Login