പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം ഒഴിവാക്കൂ; കാറുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; മന്ത്രിമാരോട് മോദി

ന്യൂഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കിടെ സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന ചില മന്ത്രിമാരുടെ പ്രവണതയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുമതലയുള്ള വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ സൗജന്യ സേവനം കൈപ്പറ്റുന്നത് ഒഴിവാക്കാനും മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കി. പൊതുമേഖല സ്ഥാപനങ്ങളുടെ കാറുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ വക സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നടപടി. മന്ത്രിമാരോ ബന്ധുക്കളോ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബുധനാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മോദി നിര്‍ദേശം നല്‍കിയത്.

You must be logged in to post a comment Login