പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഒരു ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. പിഎന്‍ബി വിതരണം ചെയ്തിട്ടുള്ള പഴയ മെസ്റ്ററോ കാര്‍ഡുകളാണ് പിന്‍വലിക്കുന്നത്.

ഇത്തരം ലക്ഷത്തോളം കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശമുള്ള പഴയ മെസ്റ്ററോ കാര്‍ഡ് മാറ്റി പുതിയ ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ സ്വന്തമാക്കണം. ഇതിന് ഈ മാസം അവസാനം വരെ സമയമുണ്ട്. കാര്‍ഡ് മാറ്റിയെടുക്കുന്നതിന് ബാങ്ക് ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല.

ഈ മാസത്തോടുകൂടി പഴയ മെസ്റ്ററോ കാര്‍ഡുകള്‍ മാറ്റിയെടുത്തില്ലെങ്കില്‍ അവ പിന്നീട് ഉപയോഗിക്കാനാവില്ല. സുരക്ഷാകാരണങ്ങളാണ് പഴയ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബ്രാഞ്ചിലെത്തി കാര്‍ഡ് മാറ്റിയെടുക്കാവുന്നതാണ്.

ഇവിഎം ചിപ്പ് അധിഷ്ഠിത, കൂടുതല്‍ സുരക്ഷിതമായ, ഡെബിറ്റ് കാര്‍ഡിലേക്ക് ബാങ്കുകള്‍ മാറണമെന്ന് 2015ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിഷ്‌കര്‍ഷിച്ചിരുന്നു. ഇതനുസരിച്ചാണ് പഴയ കാര്‍ഡുകള്‍ ഉപേക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

You must be logged in to post a comment Login