പടം ബോക്‌സ് ഓഫീസില്‍ പരാജയം; പ്രതിഫലം വേണ്ടെന്ന് സായ് പല്ലവി

ഹൈദരാബാദ്: സായ് പല്ലവി നായികയായെത്തിയ തെലുങ്ക് ചിത്രമായിരുന്നു ‘പടി പടി ലെച്ചേ മനസു’. ടീസര്‍ പുറത്തിറങ്ങിയപ്പോഴും ചിത്രത്തിലെ പാട്ടുകള്‍ക്കുമൊക്കെ സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പു തന്നെ ഏറെ സ്വീകരണം ലഭിച്ചിരുന്നെങ്കിലും, ഷര്‍വ്വാനന്ദിനെയും സായിപല്ലവിയേയും നായികാനായകന്മാരാക്കി ഹനു രാഘവപുഡി സംവിധാനം ചെയ്ത ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടാതെ പരാജയപ്പെടുകയായിരുന്നു. 22 കോടി രൂപയ്ക്ക് വിറ്റു പോയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കാനായത്. ചിത്രം ബോക്‌സ് ഓഫീസില്‍ വീണു പോയതോടെ വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും വന്‍നഷ്ടമാണ് സംഭവിച്ചത്. ഇപ്പോള്‍ ഇതാ, തന്റെ പ്രതിഫല തുക വേണ്ടെന്ന് വെച്ച് നിര്‍മാതാക്കള്‍ക്ക് ആശ്വാസം നല്‍കുകയാണ് സായ് പല്ലവി.

നിര്‍മാതാക്കള്‍ അഡ്വാന്‍സ് ആയി കുറച്ചു പണം നല്‍കിയിരുന്നെങ്കിലും 40 ലക്ഷം രൂപയോളം ഇനിയും സായ് പല്ലവിയ്ക്ക് നല്‍കാനുണ്ടായിരുന്നു. അടുത്തിടെ നിര്‍മ്മാതാക്കള്‍ പ്രതിഫലതുക നല്‍കാനായി സായിയെ സമീപിച്ചപ്പോഴാണ് പ്രതിഫലം വാങ്ങാന്‍ താരം വിസമ്മതിച്ചത്. ചിത്രം നിര്‍മാതാക്കള്‍ക്ക് വന്‍നഷ്ടം വരുത്തിവച്ചതിനാല്‍, തന്റെ പ്രതിഫലം വേണ്ടെന്നു വെയ്ക്കുകയായിരുന്നു സായ് പല്ലവി. പ്രതിഫലതുകയെ ചൊല്ലി പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവാറുള്ള സിനിമാ ഇന്‍ഡസ്ട്രിയില്‍ സായ് പല്ലവിയുടെ പ്രവൃത്തി അണിയറപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തുകയാണ്. നിരവധി നിര്‍മാതാക്കളാണ് സായ് പല്ലവിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നിരവധി തിയേറ്ററുകളില്‍ ‘പടി പടി ലെച്ചേ മനസു’ പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും വിചാരിച്ചതുപോലെ ബോക്‌സ് ഓഫീസില്‍ പണം കൊയ്യാന്‍ കഴിയാതെ വന്നതാണ് ചിത്രം പരാജയപ്പെടാന്‍ കാരണം.

അതേസമയം, അടുത്തിടെ തിയേറ്ററുകളിലെത്തിയ സായ് പല്ലവിയുടെ തമിഴ് ചിത്രം ‘മാരി2’ ബോക്‌സ് ഓഫീസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ ആറാട്ടു ആനന്ദി എന്ന ഓട്ടോ ഡ്രൈവറായിട്ടാണ് സായ് പല്ലവി എത്തുന്നത്. ചിത്രത്തിലെ ‘റൗഡി ബേബി’ എന്ന ഗാനം ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു. നിരവധിയേറെ പേരാണ് ചിത്രത്തിലെ സായ് പല്ലവിയുടെ പെര്‍ഫോര്‍മന്‍സിനെയും നൃത്തത്തെയും അഭിനന്ദിക്കുന്നത്. സൂര്യയുടെ എന്‍ജികെയാണ് സായ് പല്ലവിയുടെ അടുത്ത ചിത്രം.

You must be logged in to post a comment Login