പടവലം കൃഷി;അറിഞ്ഞിരിക്കേണ്ടത്

പടവലം കൃഷിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. കൗമുദി, ബേബി, മനുശ്രീ എന്നീ ഇനത്തില്‍ പെട്ടവയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതില്‍ കൗമുദി നീളം കൂടിയതും ബേബി നീളം കുറഞ്ഞതുമായ പടവലമാണ്. മെയ് -ആഗസ്ത് ,സെപ്തംബര്‍-ഡിസംബര്‍, കാലയളവാണ് ഏറ്റവും അനുയോജ്യം.ഒരു സെന്റ് സ്ഥലത്ത് കൃഷി ആരംഭിക്കാന്‍ 1520 ഗ്രാം വിത്ത് ആവശ്യമായി വരും. കിളച്ച് നിരപ്പാക്കി കുമ്മായം നല്‍കിയ സ്ഥലത്ത് ഒരാഴ്ച കഴിഞ്ഞ് അടിവളം കൊടുത്ത് വിത്ത് നടാം. വെള്ളത്തിലിട്ട് കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.
60 സെ.മീ. വീതിയിലും 45 സെ.മീ. താഴ്ചയിലും ചാലുകളെടുത്ത് വിത്ത് പാകാം. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 2 മീറ്റര്‍ അകലം വേണം. ചെടി വളര്‍ന്ന് കഴിഞ്ഞാല്‍ പന്തലിട്ടു കൊടുക്കണം. പന്തലില്‍ കയറാന്‍ കമ്പ് വച്ചുകൊടുക്കയോ വള്ളി കെട്ടി കൊടുക്കുകയോ ചെയ്യണം. പന്തലിടുമ്പോള്‍ ഒരാള്‍ക്ക് അടിയിലൂടെ നടക്കാന്‍ സാധിക്കത്തക്ക ഉയരം വേണം.
വള പ്രയോഗം

padavalanga

വിത്ത് മുളച്ച് 20 ദിവസത്തിനുശേഷം ആദ്യത്തെ വളം നല്‍കാം. 2.10 കി.ഗ്രാം കപ്പലണ്ടി പിണ്ണാക്ക് 0.475 കി.ഗ്രാം എല്ലുപൊടി, 0.830 കി.ഗ്രാം ചാരം എന്നിവ ചേര്‍ത്ത് നല്‍കാം. വള്ളിവീശി തുടങ്ങുമ്പോഴും പൂവിടുന്ന സമയത്തും കപ്പലണ്ടിപ്പിണ്ണാക്ക്  ചെടിക്ക് നല്‍കാം.
കീടങ്ങളും നിയന്ത്രണവും
കീടബാധ അധികം ബാധിക്കാത്ത വിളയാണ് പടവലം. ഇലചുരുട്ടി പുഴുക്കള്‍, കായ്തണ്ട് തുരപ്പന്‍ പുഴുക്കള്‍ എന്നിവയാണ് പടവലത്തിന്റെ ശത്രുക്കള്‍. പുഴുക്കളും ലാര്‍വകളും ഇലകള്‍ തിന്നുകയും കായ്, തണ്ട് എന്നിവ തുരക്കുകയും ചെയ്യുന്നു. ഇവയ്ക്ക് പ്രതിവിധിയായി 5 ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത്, ഗോമൂത്രം, കാന്താരിമുളക് ലായനി എന്നിവ തളിക്കാം.

You must be logged in to post a comment Login