പട്ടം പറത്തിയ പത്മിനി

ബി.ജോസുകുട്ടി

ക്യാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അതുല്യപ്രതിഭ ടി.കെ. പത്മിനിയുടെ വിയോഗത്തിന് മെയ് 11ന് അരനൂറ്റാണ്ട് തികഞ്ഞു.കാവ്യവാങ്മയ രൂപങ്ങളുടെ സചേതനവും സജീവവുമായ ആത്മാവിഷ്‌ക്കാരമാണ് പത്മിനിയുടെ ചിത്രങ്ങള്‍ എന്നു നിരീക്ഷിച്ചത് കവി ഇടശ്ശേരിപത്മിനിയുടെ പട്ടംപറപ്പിക്കുന്ന പെണ്‍കുട്ടി എന്ന ചിത്രം മദ്രാസ് ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ ക്രിയേറ്റീവ് ഫോറം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തൊഴുക്കാട് കാടഞ്ചേരി പത്മിനി എന്ന ടി.കെ.പത്മിനിയുടെ ഓര്‍മ്മച്ചിത്രങ്ങള്‍ക്ക് 2019 മെയ് 11ന് അര നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ ഇനിയും ചായമുണങ്ങിയിട്ടില്ലെന്ന പ്രതീതി ജനിപ്പിക്കുന്ന പത്മിനിയുടെ വരകള്‍ ഭാവനയുടെ ജൈവ വസന്തത്തെ ഓര്‍മ്മപ്പെടുത്തുന്നു.പഴയ പൊന്നാനി താലൂക്കില്‍ കാലടി അംശം കാടഞ്ചേരി ദേശത്ത് (ഇപ്പോള്‍ തിരൂര്‍ താലൂക്കിലെ താവനൂര്‍ വില്ലേജ് ) തൊഴുക്കാട് കാടഞ്ചേരി തറവാട്ടില്‍ കിണറ്റിന്‍കര ദാമോദരന്‍ നായരുടേയും അമ്മുക്കുട്ടിയുടേയും മകളായി 1940 മെയ് 12നാണ് പത്മിനിയുടെ ജനനം. പത്മിനിയുടെ ഏഴാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടു. സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നു അദ്ദേഹം. ഏക സഹോദരന്‍ രാധാകൃഷ്ണന്‍ ദുരൂഹമായ സാഹചര്യത്തില്‍ കാണാതാകുകയും ചെയ്തു. പത്മനിയുടെ പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തുള്ള കാടഞ്ചേരി വിദ്യാലയത്തിലായിരുന്നു. തുടര്‍ന്നു പൊന്നാനി ബാസല്‍മിഷന്‍ സ്‌കൂളിലും എ.വി.ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ബാല്യകാലത്ത് ഗാനാലാപനത്തിലായിരുന്നു പത്മിനി താത്പര്യം പ്രകടിപ്പിച്ചിരന്നത്. ഹൈസ്‌കൂള്‍ പഠനകാലത്താണ് ചിത്രകലയിലേക്ക് തിരിയുന്നത്. സ്‌കൂളിലെ ഡ്രോയിംഗ് മാസ്റ്ററായിരുന്ന കെ.എല്‍. ദേവസിയാണ് ചിത്രരചനയുടെ ആദ്യപാഠങ്ങള്‍ പത്മിനിക്ക് പകര്‍ന്നു കൊടുത്തത്. ഒരു കുടിലിന്റെ വാതിലില്‍ തങ്ങളുടെ മാതാപിതാക്കളെ കാത്തുനില്‍ക്കുന്ന രണ്ടുകൊച്ചുകുട്ടികളുടെ ചിത്രമായിരുന്നു പത്മിനിയുടെ ലക്ഷണമൊത്തെ ആദ്യരചന. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുറേനാള്‍ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ പത്മിനി നിര്‍ബന്ധിതയായി. എങ്കിലും ഇതിനിടയില്‍ നോട്ട്ബുക്കുകളില്‍ പത്മിനി ചില ചിത്രങ്ങള്‍ കോറിയിടുമായിരുന്നു. ആ കാലഘട്ടത്തിലാണ് പില്‍ക്കാലത്ത് വിഖ്യാതനായി മാറിയ ചിത്രകാരന്‍ നമ്പൂതിരി (കെ.എം.വാസുദേവന്‍ നമ്പൂതിരി) മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നു ഡിപ്ലോമ ബിരുദമെടുത്ത് പൊന്നാനിയിലെത്തുന്നത്. പത്മിനിയുടെ വീട്ടില്‍ അതിഥിയായെത്തിയ നമ്പൂതിരി പത്മിനിയുടെ ചിത്രങ്ങള്‍ കാണുകയും കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു. ക്രമേണ അതൊരു ഗുരുശിഷ്യബന്ധമായി പരിണമിക്കുകയും ചെയ്തു. പത്മിനിക്കു പരിശീലനം നല്‍കാന്‍ ആഴ്ചയില്‍ രണ്ടുതവണ നമ്പൂതിരി എത്തും. ആ പരിചയത്തില്‍ നിന്നാണ് ചിത്രകലയുടെ ആധുനിക രചനാസമ്പ്രദായങ്ങളെക്കുറിച്ച് അറിവുനേടുന്നത്. കോഴിക്കോടു നടന്ന ഒരു ചിത്രപ്രദര്‍ശനം കാണാന്‍ എത്തിയ പത്മിനിയെ അവിടെയുണ്ടായിരുന്ന പ്രമുഖ ചിത്രകാരനും സംഘാടകനുമായ എം.വി.ദേവനു പരിചയപ്പെടുത്തിയത് നമ്പൂതിരിയായിരുന്നു.

പത്മിനിയുടെ കയ്യിലുണ്ടായിരുന്ന ചാര്‍ക്കോളില്‍ വരച്ച ചിത്രങ്ങള്‍ എം.വി.ദേവന്‍ പരിശോധിക്കുകയും അതില്‍ നിന്നു രണ്ടെണ്ണം തെരഞ്ഞെടുത്ത് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ നീക്കം പത്മിനിയെ ഏറെ സന്തോഷഭരിതയാക്കി. പത്മിനി ചിത്രങ്ങളുടെ പൊതുവായ ആദ്യപ്രദര്‍ശനമായിരുന്നു അത്. നമ്പൂതിരിയുടെ ശിക്ഷണത്തിനു ശേഷം പത്മിനി ചിത്രകലയില്‍ സ്വന്തമായ ശൈലി രൂപപ്പെടുത്തിയിരുന്നു. ഗ്രാമ്യജീവിതത്തിന്റെ ജൈവീകമായ ചിത്രണരീതിയായിരുന്നു പത്മിനിയുടേത്. നിഷ്‌കളങ്കതയുടെ അടയാളമായ കുട്ടികളും, അധ്വാനശീലരായ ഗ്രാമീണജനതയും പത്മിനിയുടെ ചിത്രങ്ങള്‍ക്കു വിഷയമായി. പിന്നീട് പത്മിനി മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സ് ക്രാഫ്റ്റ്‌സില്‍ ചേര്‍ന്നു പഠിക്കുമ്പോള്‍ എം.വി.ദേവനും അവിടെ എത്തിയിരുന്നു. പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണനും അന്നവിടെ വിദ്യാര്‍ത്ഥിയായിരുന്നു. പഠനകാലത്ത് ഭാരത സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പിനു പത്മിനി ചിത്രങ്ങള്‍ വയ്ക്കുകയും അവ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മദിരാശിയിലെ പഠനകാലത്ത് പത്മിനിയുടെ പ്രത്യേക അഭിരുചിയും കഴിവും നിമിത്തം തുടക്കത്തില്‍ തന്നെ ഡബിള്‍ പ്രമോഷന്‍ ലഭിച്ചതിനാല്‍ പെയിന്റിംഗില്‍ ആറുവര്‍ഷത്തെ പരിശീലനം നാലുവര്‍ഷം കൊണ്ട്  പത്മിനി പൂര്‍ത്തിയാക്കി. 1965ല്‍ ഒന്നാം റാങ്കോടെ ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു.  1966 മുതല്‍ 1969 വരെ മദ്രാസ്സിലെ വിദ്യോദയാ ഗേള്‍സ് സ്‌കൂളിലും ചില്‍ഡ്രന്‍സ് ഗാര്‍ഡന്‍ മെട്രിക്കുലേഷന്‍ സ്‌കൂളിലും അധ്യാപികയായി ജോലി നോക്കുകയും ചെയ്തു. 1962 മുതല്‍ മദ്രാസ്സില്‍ നടന്ന ഒട്ടുമിക്ക ചിത്രപ്രദര്‍ശനങ്ങളിലും പത്മിനി പങ്കെടുത്തു. പ്രോഗ്രസ്സീവ് പെയിന്റിംഗ് അസോസിയേഷന്റെ 1962ലെ പ്രദര്‍ശനത്തില്‍ പത്മിനിയുടെ ആദ്യ എണ്ണഛായാ ചിത്രം ‘ടീൃൃീം’ പ്രദര്‍ശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സൊസൈറ്റി ഓഫ് പെയിന്റേഴ്‌സ് അസോസിയേഷന്‍, യംഗ് പെയിന്റേഴ്‌സ് ആന്റ് സ്‌കള്‍പ്‌ച്ചേഴ്‌സ് അസോസിയേഷന്‍, മദിരാശി ലളിതകലാ അക്കാദമി എന്നീ പ്രദര്‍ശനങ്ങളിലെല്ലാം പത്മിനി സജീവമായി പങ്കെടുത്തു. ഡല്‍ഹിയിലെ നാഷണല്‍ ലളിതകലാ അക്കാദമി പ്രദര്‍ശനങ്ങള്‍, ബോംബെയിലും ബാംഗ്‌ളൂരിലും നടന്ന പ്രദര്‍ശനങ്ങള്‍ ഇവയിലെല്ലാം പത്മിനിയുടെ രചനകള്‍ ഉള്‍പ്പെടുത്തിയിരുന്നു.

1965ല്‍ മദ്രാസ്സില്‍ സംഘടിപ്പിച്ച മൂന്നു ചിത്രകാരികളുടെ പ്രദര്‍ശനത്തില്‍ പത്മിനിയുടെ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചു. ആ വര്‍ഷം തന്നെ ഡല്‍ഹിയിലും മദ്രാസിലും നടന്ന സിക്‌സ് ആര്‍ട്ടിസ്റ്റ്‌സ് ഷോയില്‍ പ്രദര്‍ശിപ്പിച്ച പത്മിനിയുടെ ചിത്രങ്ങളെ ആസ്വാദകരും മാധ്യമങ്ങളും മതിപ്പോടെ സ്വീകരിച്ചു. 1968 ഏപ്രിലില്‍ മദ്രാസ് സരളാ ആര്‍ട്‌സ് സെന്ററില്‍ പത്മിനി ചിത്രങ്ങളുടെ വണ്‍മാന്‍ ഷോയും പ്രദര്‍ശിപ്പിക്കപ്പെട്ടു. കെ.സി.എസ്.പണിക്കരുടെ നേതൃത്വത്തില്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സിന്റെ സുവര്‍ണ്ണകാലത്തായിരുന്നു പത്മിനിയുടെ പഠനം. ചിത്രകലയില്‍ പില്‍ക്കാലത്ത് പ്രശസ്തരായ പലരും അന്നവിടെ വിദ്യാര്‍ത്ഥികളായിരുന്നു. അക്കിത്തം നാരായണന്‍, കാനായി കുഞ്ഞിരാമന്‍, വി.എം.സദാനന്ദന്‍, രാമാനുജനും, സി.എന്‍ കരുണാകരന്‍, കെ.വി.ഹരിദാസന്‍, ജയപാലപ്പണിക്കര്‍, ആര്‍.ബി.ഭാസ്‌കരന്‍, ആദിമൂലം ദക്ഷിണാമൂര്‍ത്തി, എന്‍.കെ.മുത്തുക്കോയ, കെ.ദാമോദരന്‍ എന്നിവരുടെ സംഘത്തില്‍ പത്മിനിയും, വൈദേഹി വിശ്വനാഥും മാത്രമായിരുന്നു പെണ്‍ചിത്രകാരികള്‍. ആ സംഘത്തില്‍ നിന്നും പ്രശസ്തമാം വിധത്തില്‍ പത്മിനി ഡിപ്ലോമയും നേടി. മദ്രാസിലെ പഠനകാലത്തിനു മുമ്പേ തന്നെ പത്മിനിയുടെ സ്‌കെച്ചുകള്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. ചാര്‍ക്കോളും പെന്‍സിലും മാധ്യമമായി വരച്ചിരുന്ന ആദ്യകാല രചനകളില്‍ പലതും രൂപഭംഗിയിലും, രൂപകല്പനയിലും മുന്നിട്ടു നിന്നു. പത്മിനിയുടെ തന്നെ ജീവിതപരിസരത്തു നിന്നു കണ്ടെടുത്ത മനുഷ്യരുടെ രേഖാചിത്രങ്ങളായിരുന്നു അവയില്‍ കൂടുതലും. കലയിലെന്നപോലെ സ്വന്തം ജീവിതത്തിലും ആര്‍ഭാടങ്ങളില്‍ അവര്‍ വിശ്വസിച്ചില്ല. തികഞ്ഞ ആത്മാര്‍ത്ഥതയും ലാളിത്യവും മിതഭാഷണവും പത്മിനിയുടെ പ്രത്യേകതയായിരുന്നു. സ്വന്തം മണ്ണിലും സംസ്‌കാരത്തിലും രൂപീകരിക്കപ്പെട്ടിട്ടുള്ള എന്തിനെയും പത്മിനി രചനാവിഷയമാക്കിയിരുന്നു. എല്ലാ ചിത്രങ്ങളും സര്‍വ്വാത്മനാ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പത്മിനിയുടെ ചിത്രങ്ങള്‍ കാവ്യവാങ്മയ രൂപങ്ങളുടെ സചേതനവും സജീവവുമായ ആത്മാവിഷ്‌കാരമെന്നു നിരീക്ഷിച്ചത് വിഖ്യാത കവി ഇടശ്ശേരി ഗോവിന്ദന്‍ നായരാണ്. ഇടശ്ശേരിയുടെ കുടുംബവുമായി പത്മിനിക്ക് നല്ല അടുപ്പമാണ് ഉണ്ടായിരുന്നത്. ഇടശ്ശേരി പത്മിനിയെക്കുറിച്ച് ഇങ്ങനെ എഴുതി. ‘കലാവിദ്യയോട് ആത്മാര്‍ത്ഥത ഉണ്ടാകുക എന്നതിന്റെ മുഴുവന്‍ അര്‍ത്ഥവും ഞാന്‍ മനസ്സിലാക്കിയത് ഈ ബാലികയില്‍ നിന്നാണ്. ഒരിക്കല്‍ ‘കവിതയും സവിതയും’ എന്ന ഒരു ഹിന്ദി കവിത വായിച്ചിരുന്നു. ആ കവിത പത്മിനിയെ ഓര്‍മ്മിപ്പിച്ചു. കവിത കവിയോട് പറയുകയാണ്. താങ്കള്‍ മാനധനാഗ്രണിയായ ഒരു ഗൃഹസ്ഥനും നല്ലൊരു പൗരനുമാകാന്‍ ആഗ്രഹിക്കുന്നു, നല്ലത്. പക്ഷേ കവിതേതര ചര്യകളില്‍ വ്യാപരിക്കുന്ന താങ്കള്‍ കവിതയെ വഞ്ചിക്കുകയാണ്. കവിയും കവിതയുമാകുന്ന ക്രൗഞ്ചയുഗത്തെ വേര്‍പിരിക്കുന്ന വ്യാഥശരമാണ് കാര്യാന്തര വ്യാപാരബുദ്ധി.

ഈ അഭിപ്രായം അവളില്‍ അങ്കുരിച്ച പോലെ തോന്നും.’ പത്മിനിയുടെ ഒടുവിലത്തെ ചിത്രം 1969ല്‍ വരച്ച ‘പട്ടം പറപ്പിക്കുന്ന പെണ്‍കുട്ടി’ ആയിരുന്നു. ഇത് മദ്രാസ് ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ ‘ക്രിയേറ്റീവ് ഫോറം’ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.പ്രമുഖ ചിത്രകാരനായിരുന്ന കെ.ദാമോദരനുമായുള്ള പത്മിനിയുടെ വിവാഹം 1968 മെയ് മാസം നടന്നു. പിറ്റേവര്‍ഷം മെയ് 11നു പ്രസവത്തെ തുടര്‍ന്നു പത്മിനിയും കുഞ്ഞും മരണത്തെ പുല്‍കി. ചിത്രകലയുടെ ആകാശത്ത് പ്രതിഭയുടെ പട്ടം പറത്തിയ പത്മിനിയുടെ ചിത്രങ്ങള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു ശ്മശാനഭൂമി, സ്വപ്‌നലോകം, സൂര്യോദയം വളര്‍ച്ച, സ്ത്രീ എന്നിവയാണ് പത്മിനിയുടെ വിഖ്യാതവരകള്‍.

You must be logged in to post a comment Login