പട്ടിണികാരണം അമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം: ബിജെപി ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും

തിരുവനന്തപുരത്ത് പട്ടിണി കാരണം അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം ബിജെപി ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. സംഭവത്തില്‍ കേന്ദ്രം ബാലാവകാശ കമ്മീഷനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേ സമയം അമ്മയെയും ഒപ്പമുണ്ടായിരുന്ന രണ്ടു കുഞ്ഞുങ്ങളെയും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

അമ്മയ്ക്ക് ജോലിയും, കുടുംബത്തിന് താമസിക്കാന്‍ ഫ്‌ളാറ്റും നല്‍കുമെന്ന് നഗരസഭയും ഉറപ്പ് നല്‍കിയിട്ടുണ്ട്. പട്ടിണി കാരണം അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അടിയന്തിരമായി അധികൃതര്‍ ഇടപെടുകയായിരുന്നു. രണ്ട് കുട്ടികളെയും അമ്മയേയും വഞ്ചിയൂര്‍ കൈതമുക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിന്നും ഇന്നലെ രാത്രി പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

കുട്ടികളുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം നഗരസഭ അമ്മയ്ക്ക് താത്കാലിക ജോലി ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ നഗരസഭയുടെ പണി പൂര്‍ത്തിയായ ഫ്‌ളാറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കുമെന്ന് മേയര്‍ പറഞ്ഞു.

ഇന്നലെ രാത്രി തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, വി എം സുധീരനും വീട്ടിലെത്തിയിരുന്നു. വിശപ്പ് സഹിക്കാനാവാതെ കുട്ടി മണ്ണ് വാരിത്തിന്നത് കേരളത്തിന് അപമാനമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിഷയത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും.സംഭവത്തില്‍ കേന്ദ്രം ബാലാവകാശ കമ്മീഷനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുടുംബത്തിന് സഹായം ലഭ്യമാക്കുന്ന കാര്യം കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

You must be logged in to post a comment Login