പട്ടിണിമൂലം നൈജീരിയയില്‍ 75,000 കുട്ടികള്‍ മരണത്തിന്റെ വക്കിലെന്ന് യുഎന്‍

 

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ 75,000 കുട്ടികള്‍ പട്ടിണിമൂലം മരണത്തിന്റെ nigeriaവക്കിലെന്ന് ഐക്യരാഷ്ട്ര സഭ. ബൊക്കോഹറാം ഭീഷണി നിലനില്‍ക്കുന്ന ഇവിടെ പട്ടിണിയും പോഷകാഹാരകുറവും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുകയാണ്. നൈജീരിയയിലേക്കുള്ള മനുഷ്യകാരുണ്യ സഹായങ്ങള്‍ക്കായുള്ള യുഎന്‍ സംഘാടകന്‍ പീറ്റര്‍ ലണ്ട്ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.

കടുത്ത ക്ഷാമം കാരണം നൈജീരിയയില്‍ 14 ലക്ഷത്തോളം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മതിയായ ഫണ്ട് യുഎന്നിന്റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ 400,000 കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി സഹായമെത്തിച്ചില്ലെങ്കില്‍ ഇതില്‍ 75,000 കുട്ടികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പട്ടിണികിടന്ന് മരിക്കുമെന്നും പീറ്റര്‍ വ്യക്തമാക്കി.

2009 മുതലാണ് ബോക്കോഹറാം നൈജീരിയയില്‍ ആക്രമണങ്ങള്‍ നടത്തി തുടങ്ങിയത്. ആക്രമണങ്ങളില്‍ ഇതുവരെ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. രണ്ടു ലക്ഷത്തോളം ജനങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.

നൈജീരിയയിലെ കുട്ടികള്‍ പട്ടിണിയും പോഷകാഹാരകുറവും മൂലം ദുരിതമനുഭവിക്കുന്നതിനെ കുറിച്ച് ജൂലൈയില്‍ യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

You must be logged in to post a comment Login