പണം നല്‍കി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന വാര്‍ത്ത; മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പണം നല്‍കി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം ആധാറിന്റെ സുരക്ഷിതത്വവും രാജ്യത്തിന്റെ വികസനവും സംരക്ഷിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തക രച്‌ന ഖൈറയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി (യു.ഐ.ഡി.എ.ഐ)യുടെ അഭ്യര്‍ഥന മാനിച്ച് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ ട്രിബ്യൂണ്‍ പത്രവും അതിലെ മാധ്യമ പ്രവര്‍ത്തകരും പൊീസിനോട് സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് വ്യക്തമാക്കി ജനുവരി മൂന്നിന് ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമം, ഐ.ടി ആക്ട്, ആധാര്‍ നിയമം എന്നിവ ഉള്‍പ്പെടുത്തായാണ് ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

You must be logged in to post a comment Login