പതിനഞ്ചുകാരിയെ ട്രെയിനില്‍ പീഡിപ്പിച്ച രണ്ടുപേര്‍ കുറ്റക്കാര്‍

മംഗലാപുരം: പ്രായപൂര്‍ത്തിയാകാത്ത ഒഡീഷ പെണ്‍കുട്ടിയെ ട്രെയിനില്‍വച്ചു പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി വിധിച്ചു.
അട്ടവാര്‍ സ്വദേശി നിഷിത് (20), ബണ്ട്വാള്‍ സ്വദേശി കെ.അശോക് (24)എന്നിവരെയാണു കുറ്റക്കാരാണെന്നു കണ്ടെത്തിയത്. മറ്റൊരു പ്രതിയായ അയൂബി (23)നെ തെളിവില്ലെന്ന കാരണത്താല്‍ കോടതി വെറുതെവിട്ടു.

 


2010 ജൂലൈ 14നാണു കേസിനാസ്പദമായ സംഭവം. കദ്രി അല്‍വരസ് റോഡിലെ വീട്ടില്‍ ജോലിക്കാരിയായിരുന്നു പതിനഞ്ചുകാരി കുടുംബാംഗങ്ങളെ കാണാന്‍ കഴിയാത്ത ദുഃഖത്തില്‍ വീടുവിട്ടിറങ്ങിയപ്പോഴാണു പീഡനത്തിനിരയായത്. മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ
പ്ലാറ്റ്‌ഫോമിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപിച്ച പ്രതികള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കയറ്റി വാതിലടച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.

അബോധാവസ്ഥയില്‍ ട്രെയിന്‍ ബോഗിയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ തൂപ്പുജോലിക്കാരാണു പോലീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്നു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയോടു സംസാരിച്ചതിനെത്തുടര്‍ന്നാണു സംഭവം വെളിച്ചത്തായത്.

You must be logged in to post a comment Login