പതിനേഴാം ലോക്സഭയിലേക്ക് കേരളം വിധിയെഴുതുന്നു;

പതിനേഴാം ലോക്സഭയിലേക്ക് കേരളം വിധിയെഴുതുന്നു. ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് വരെയാണ്. 20 ലോക്സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 2.61 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. സ്ഥാനാർത്തികളും പ്രമുഖ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിംഗ് നടക്കുക. അതാത് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഫോട്ടൊ സഹിതം ഓരോ ബൂത്തിന് പുറത്തും പ്രദർശിപ്പിക്കും. കൂടാതെപോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവൽ ഓഫിസർ, സെക്ട്രൽ ഓഫിസർ എന്നിവരുടെ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ 24,970 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിംഗ് ബൂത്തുകളുമുണ്ട്. ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ ഉള്ളത് മലപ്പുറത്തും കുറവ് വയനാട് ജില്ലയിലുമാണ്. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. കേരള പൊലീസിൽ നിന്ന് 58, 138 ഉദ്യോഗസ്ഥരും, സ്‌പെഷ്യൽ പൊലീസായി 11,781 പേരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്‌നാട്, കർണാടക പൊലീസും,കേന്ദ്രസേനയും രംഗത്തുണ്ട്.

2 കോടി 61 ലക്ഷം വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഉള്ളത്. ഇതിൽ 1,34,66521 സ്ത്രീകളും, 1,26,84,839 പുരുഷന്മാരുമാണ്. 174 ട്രാൻസ്ജൻഡർ വോട്ടർമാരും, 2,88, 191 കന്നിവോട്ടർമാരും തിരഞ്ഞെടുപ്പിന്റെ ഭാഗമാകും. ഭിന്നശേഷികരെ പോളിംഗ് കേന്ദ്രങ്ങളിലെത്തിക്കാൻ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്

You must be logged in to post a comment Login