പത്തനംതിട്ടയിലെ ബിജെപിയുടെ സസ്‌പെന്‍സ് എന്താണ്?; സ്ഥാനാര്‍ത്ഥി പുതിയ ആള്‍? തൃശൂരില്‍ മത്സരിക്കുമെന്ന് ഉറപ്പ് പറയാതെ തുഷാര്‍; മത്സരിച്ചില്ലെങ്കില്‍ സുരേന്ദ്രനെ കൊണ്ടുവരാന്‍ തീരുമാനം

 

ആലപ്പുഴ: ബിജെപി പുറത്തുവിട്ട രണ്ടാം സ്ഥാനാര്‍ത്ഥിപ്പട്ടികയിലും പത്തനംതിട്ട ഇല്ല. തൃശൂരില്‍ മല്‍സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഉറപ്പുപറയാത്തതാണ് കാരണം. ബിജെപി സഖ്യരൂപീകരണ സമയം മുതല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ഉറപ്പു ലഭിക്കണമെന്നാണ് തുഷാറിന്റെ നിലപാട്. തുഷാര്‍ പിന്മാറിയാല്‍ തൃശൂരില്‍ കെ.സുരേന്ദ്രനെ കൊണ്ടുവരുന്ന കാര്യം ബിജെപി പരിഗണിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ പത്തനംതിട്ടയില്‍ പുതിയൊരാള്‍ വേണ്ടിവരും.

പത്തനംതിട്ട സുരേന്ദ്രന് തന്നെ നല്‍കിയാല്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും. അതേസമയം പത്തനംതിട്ട മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളില്‍ കെ.സുരേന്ദ്രന് വോട്ടുചോദിച്ച് പോസ്റ്ററുകള്‍ പതിച്ചു.

അതേസമയം, പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശൂര്‍ സീറ്റുമായി ബന്ധമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂര്‍ ബിജെപി ഏറ്റെടുക്കില്ല. മണ്ഡലത്തില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും പറഞ്ഞു.

താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പിക്കാനായിട്ടില്ല. മോദിയും അമിത് ഷായും തൃശൂരില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു. പ്രഖ്യാപനത്തിനുള്ള നല്ല സമയം കാത്തിരിക്കുകയാണ്. പ്രഖ്യാപനത്തിനു പാര്‍ട്ടി യോഗം ചേര്‍ന്ന് നടപടി ക്രമം പൂര്‍ത്തിയാക്കണമെന്നും തുഷാര്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ച വയ്ക്കാനായ, പാര്‍ട്ടിക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണ് ബിജെപി, ബിഡിജെഎസിന് വിട്ട് നല്‍കിയിരിക്കുന്നത്. കെ സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച മണ്ഡലം വിട്ട് നല്‍കുമ്പോള്‍ തുഷാര്‍ അവിടെ മത്സരിക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം. അതിനാല്‍ തന്നെ തുഷാറിന് പകരം മറ്റൊരു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറാകുമോ എന്ന് വ്യക്തമല്ല.

ആദ്യം തുഷാര്‍ മത്സരിക്കുന്നതിനെതിരെ കടുത്ത നിലാപാടെടുത്ത വെള്ളാപ്പള്ളി നടേശന്‍ എന്നാല്‍ കഴിഞ്ഞ ദിവസം അനുകൂല നിലപാടാണ് സ്വീകരിച്ചത്. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നായിരുന്നു വെള്ളാപ്പള്ളി മുന്നോട്ട് വച്ച ഉപാധി. എന്നാല്‍ ഭാരവാഹിത്വം ഒഴിയണമോ എന്നത് പിന്നീട് ആലോചിക്കാം എന്നാണ് ഇപ്പോള്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. നിലവില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റാണ് തുഷാര്‍.

You must be logged in to post a comment Login