പത്തനംതിട്ട ശ്രീധരന്‍ പിള്ളയ്ക്ക് തന്നെയെന്ന് ഏകദേശ ധാരണ; കെ സുരേന്ദ്രനെ തള്ളി പാര്‍ട്ടി നേതൃത്വം

ചെങ്ങന്നൂര്‍: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം ശ്രീധരന്‍ പിള്ള തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ്.

അതേസമയം, ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കെ.സുരേന്ദ്രനെ ഒഴിവാക്കാനുള്ള നീക്കം സംഘപരിവാറിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. മാര്‍ച്ച് 16ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കില്‍ സുരേന്ദ്രന്റെ പേര് ഉണ്ടാകില്ല. ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ജയില്‍വാസം അനുഭവിച്ച സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പാര്‍ട്ടി തന്ത്രപൂര്‍വം തഴയുന്നത് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ പേരിലാണെന്നുള്ള സംസാരവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഹിന്ദു വോട്ടുകൊണ്ട് മാത്രം ജയിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലും സീറ്റ് വേണമെന്ന ശ്രീധരന്‍ പിള്ളയുടെ കടുംപിടുത്തവുമാണ് കെ.സുരേന്ദ്രന്‍ തഴയപ്പെടാന്‍ കാരണമത്രേ.

പാര്‍ട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി നല്‍കിയ അന്തിമ പട്ടികയില്‍ ശ്രീധരന്‍ പിള്ളയുടെയും സുരേന്ദ്രന്റെയും പേരുകള്‍ മാത്രമാണുള്ളത്. ചില ക്രിസ്ത്യന്‍ സാമുദായിക സംഘടനകളുമായി ശ്രീധരന്‍ പിള്ളയ്ക്കുള്ള അടുപ്പവും നായര്‍ സമുദായത്തിന്റെ പിന്തുണയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിഷ്പക്ഷ വോട്ടുകളും കിട്ടിയാല്‍ മണ്ഡലത്തില്‍ ജയിച്ചുകയറാമെന്നാണ് പിള്ളയുടെ അടുപ്പക്കാര്‍ പറയുന്നത്.

എന്നാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും കെ.സുരേന്ദ്രന്‍ ഒരുപോലെ സ്വീകാര്യനാണെന്നാണ് മറുഭാഗത്തിന്റെ വാദം. പാര്‍ട്ടിക്ക് അതീതമായി ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ സുരേന്ദ്രന് കഴിയുമെന്നും ഇവര്‍ പറയുന്നു.

You must be logged in to post a comment Login