പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍; കിണറിന് സമീപം രക്തത്തുള്ളികളും വലിച്ചി‍ഴച്ച പാടുകളും

കൊല്ലം: പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം. മൗണ്ട് താബോര്‍ ദേയ്‌റ കോണ്‍വെന്റിലാണ് സംഭവം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സൂസന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തം വീണ പാടുകളുമുണ്ട്.

12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍.

കന്യാസ്ത്രീ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മുറിയില്‍ നിന്ന് പൊലീസ് കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തി. മുറിയിലും രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വലിച്ചിഴച്ച പാടുകളുമുണ്ട്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.  കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകായണിപ്പോള്‍.

You must be logged in to post a comment Login