പത്ത് കോടി മുടക്കി കേരള സര്‍ക്കാര്‍ മന്ത്രിസഭയുടെ ആയിരം ദിവസം ആഘോഷിക്കുന്നു, ഇതിനായി പത്ത് കോടിയോളം രൂപ ചെലവഴിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി

തിരുവന്തപുരം:മന്ത്രി സഭയുടെ ആഘോഷത്തിനായി പത്ത് കോടി മുടക്കി കേരള സര്‍ക്കാര്‍.പ്രളയത്തിന്റെ പേരില്‍ ചെലവു ചുരുക്കുമ്പോള്‍ കോടികള്‍ മുടക്കി മന്ത്രിസഭയുടെ ആയിരം ദിവസം ആഘോഷിക്കുന്നു. ഇതിനായി പത്ത് കോടിയോളം രൂപ ചെലവഴിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പുതിയ കേരളത്തിന് പണമില്ലെന്ന് വാദിക്കുന്ന സര്‍ക്കാരാണ് ആഘോഷത്തിന് വന്‍തുക മുടക്കുന്നത്.

പ്രളയത്തിന് ശേഷം പണമില്ലാത്തതിന്റെ പേരില്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുകയാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാരിന്റെ പ്രചരണ പരിപാടികള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. മന്ത്രിസഭയുടെ ആയിരം ദിവസം ആഘോഷിക്കാന്‍ പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവാണിത്. ഫ്രബ്രുവരി 20 മുതല്‍ 27 വരെ നടത്താനുദ്ദേശിക്കുന്ന ആഘോഷ പരിപാടികള്‍ക്കായി 9 കോടി 54 ലക്ഷം രൂപ ചെലവഴിക്കാനാണ് ഉത്തരവ്. ജില്ല കലക്ടര്‍മാര്‍ക്ക് ഇതിനായി 4 കോടി 90 ലക്ഷം രൂപ നല്കും. പരസ്യങ്ങള്‍ക്കും മറ്റ് പ്രചരണ പരിപാടികള്‍ക്കുമായി ഇന്‍ഫര്‍മേഷന്‍ വകുപ്പിന് 2 കോടി രൂപ, ആഘോഷ പരിപാടികള്‍ക്കും ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്കുമായി 2 കോടി 62 ലക്ഷം രൂപയും ചെലവാക്കാനാണ് ഉത്തരവില്‍ പറയുന്നത്. നിയമസഭയിലും മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

പ്രളയത്തിന് ശേഷം നടന്ന സ്‌കൂള്‍ കായികമേളയും കലോത്സവവും വള്ളകളിയും ഫിലിം ഫെസ്റ്റിവലും അടക്കമുള്ള പരിപാടികള്‍ക്ക് ചിലവ് ചുരുക്കലിന്റെ പേരില്‍ ഫണ്ട് വെട്ടി കുറച്ചിരുന്നു. എന്നാല്‍ പ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും കര കയറുന്നതിന് മുന്‍പാണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്ത്. നേരത്തെ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായും കോടികള്‍ മുടക്കിയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പരസ്യങ്ങള്‍ക്കും മറ്റുമായി സര്‍ക്കാര്‍ വന്‍ തുക ചെലവഴിക്കുന്നുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നതിനിടെയാണ് അനാവശ്യ ചെലവുകള്‍ ഖജനാവില്‍ നിന്നും നടത്തുന്നത്.

You must be logged in to post a comment Login