പത്മരാജന്‍ പുരസ്‌കാരം ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക്

 

പ്രശസ്ത ചലച്ചിത്രകാരനായ പി പത്മരാജൻ്റെ പേരിൽ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. സംവിധായകനായ സജിന്‍ ബാബുവും നിരൂപകനായ വിജയകൃഷ്ണനും ഛായാഗ്രാഹകനായ സണ്ണി ജോസഫും ഉള്‍പ്പെട്ട ജൂറിയാണ് ചിത്രത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 2018ല്‍ പുറത്തുവന്ന മികച്ച മലയാള ചിത്രമെന്ന നിലയ്ക്കാണ് സുഡാനി ഫ്രം നൈജീരിയ പുരസ്കാരത്തിനായി സ്വീകരിക്കപ്പെട്ടത്. സക്കരിയ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം തീയേറ്ററുകളിലും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ പനോരമയിലും ബംഗ്ലാദേശിലെ ധാക്കാ ഇൻ്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയുടെ രചന നിര്‍വഹിച്ചത് സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയുമാണ്. മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന നൈജീരിയന്‍ സ്വദേശിയായ സാമുവേലിൻ്റെയും ഫുട്‌ബോള്‍ ക്ലബ്ബ് മാനേജര്‍ മജീദിൻ്റെയും സൗഹൃദ കഥയാണ് ചിത്രം പറഞ്ഞിരുന്നത്. ഹാപ്പി ഹവേഴ്‌സ് എൻ്റര്‍ടെയിന്‍മെൻ്റിൻ്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്കാരം സ്വന്തമാക്കിയത് ഇ സന്തോഷ് കുമാര്‍ എഴുതിയ നാരകങ്ങളുടെ ഉപമയാണ്.

You must be logged in to post a comment Login