പനാമ രേഖകൾക്ക് ശേഷം ബഹാമാസ്; രഹസ്യമായി നികുതിവെട്ടിപ്പു നടത്തുന്നവരുടെ പട്ടികയില്‍ ഇന്ത്യക്കാരും

bahamas

പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമസഹായ സ്ഥാപനമായ മൊസാക്ക് ഫൊണ്‍സേകയിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ക്ക് പിന്നാലെ ബഹാമാസ് രേഖകള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം. ടാക്‌സ് വെട്ടിപ്പ് നടത്തുന്നവര്‍ക്ക് ആശ്രയമായി കരീബിയന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപമാണ് ബഹാമാസ്.കമ്പനികള്‍, ട്രസ്റ്റുകള്‍, ഫൗണ്ടേഷനുകള്‍ തുടങ്ങി ബഹാമാസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1,75000 സ്ഥാപനങ്ങളുടെ വിവരങ്ങളടങ്ങിയ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

1990 മുതല്‍ 2016 വരെ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളാണ്് ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങാണ് പുറത്തുകൊണ്ടുവന്നത്. ഇത് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്‌സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിനാണ് ഇത് ലഭിച്ചത്.

ഇന്ത്യയിലെ കോര്‍പറേറ്റ് രംഗവുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ 475 ഫയലുകളാണ് ബഹാമാസ് ലീക്കിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഖനനം, ഇലട്രോണിക്‌സ്, റിയല്‍ എസ്റ്റേറ്റ്, മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് എന്നീ രംഗത്തു നിന്നുള്ളവരുടെ വിവരങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. പനാമ പേപ്പേഴ്‌സില്‍ പുറത്ത് വിട്ട ആളുകളുടെ പേരുകള്‍ ബഹാമാസിലുമുണ്ട്.

കമ്പനി രജിസ്‌ട്രേഷന്‍ പേപ്പറുകളാണ് പുറത്ത് വന്നിരിക്കുന്നത്. ബഹാമാസില്‍ രജിസ്ട്രര്‍ ചെയ്ത കമ്പനികള്‍ക്ക് ടാക്‌സില്‍ നിന്ന് രക്ഷ നേടാം. മാത്രമല്ല. വ്യക്തികള്‍ക്കും, കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ഇവ രഹസ്യ സ്വഭാവം നല്‍കുന്നു. ഇതിനോടൊപ്പം അവരുടെ ഇടപാടുകാരുടെ യഥാര്‍ത്ഥ പേരുവിവരങ്ങള്‍ മറച്ചു വെയ്ക്കാനും സഹായിക്കുന്നു.

അനില്‍ അഗര്‍വാളിന്റെ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഓണ്‍ക്ലെയ്‌വ് പേരിലാണ്. ഇത് ഒരു ടസ്റ്റ് ആണ്. ഫാഷന്‍ ടി.വി ഇന്ത്യയിലെ മുതിര്‍ന്ന ആളായ മധു രാജന്റെ പേര് രണ്ട് കമ്പനികളുടെ പേരിലാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളാണ് ഇത്. ഇന്ത്യക്കാര്‍ക്ക് പുറത്ത് ഇന്‍വെസ്റ്റ് ചെയ്യാന്‍ നിയമം അനുവദിക്കാതിരുന്നകാലത്താണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ നിരവധി ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത് വന്നിടട്ടുണ്ട്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ മുപ്പതിന് അവസാനിക്കാനിരിക്കെയാണ് ബഹാമാസ് പേപ്പറുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതേവരെ വെളിപ്പെടുത്താത്ത സ്വത്ത്, വരുമാനം എന്നിവ കൈവശമുള്ളവര്‍ സെപ്റ്റംബര്‍ 30നു മുന്‍പായി അതു സ്വയം വെളിപ്പെടുത്തണം. ഉറവിടമടക്കം ഒരു ചോദ്യവുമില്ല. എന്നാല്‍ അതിനു ശേഷം യാതൊരു ദയാദാക്ഷിണ്യവും ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

You must be logged in to post a comment Login