പനിക്കൊപ്പം ശ്വാസതടസവും വന്നാല്‍ നിസാരമാക്കരുത്; എച്ച്1എന്‍1 പടരുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

fever

പാലക്കാട്: സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്ന സാഹചര്യത്തില്‍ പനിക്കൊപ്പം വരുന്ന ശ്വാസതടസം നിസാരമായി കാണരുതെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനിക്കൊപ്പം ശ്വാസതടസവുമായി ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കൂടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എച്ച്1എന്‍1, ന്യുമോണിയ, കാലാവസ്ഥാ വ്യതിയാനം എന്നീ കാരണങ്ങളാല്‍ പനിയുമായി എത്തുന്നവരില്‍ ശ്വാസതടസം കാണുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

ആരോഗ്യ വകുപ്പ് പലവട്ടം ജാഗ്രതാ നിര്‍ദേശം നല്‍കിയെങ്കിലും ഓഗസ്റ്റ് മുതല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ എച്ച്1എന്‍1 ഡിസംബര്‍ ആയിട്ടും വിട്ടൊഴിയുന്നില്ല. എച്ച്1എന്‍1നുള്ള മരുന്നുകളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. 80,311 പേരാണ് ഡിസംബര്‍ രണ്ടാം ആഴ്ച ആയപ്പോഴേക്കും പനി ബാധിച്ച് ഒപിയില്‍ ചികിത്സ തേടിയത്. രണ്ട് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 94 പേര്‍ക്കാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്.

ഡെങ്കിപ്പനിയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ 99 പേര്‍ എത്തിയപ്പോള്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡിസംബറില്‍ മാത്രം ആറ് പേര്‍ക്കാണ് എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തത്.

You must be logged in to post a comment Login