പപ്പായയില്‍ സൂപ്പര്‍ റെഡ് ലേഡി

red ladyസുസ്ഥിര പച്ചക്കറിവിളകളില്‍ ഗണനീയ സ്ഥാനമാണ് പപ്പായയ്ക്കുള്ളത്. അടുക്കളത്തോട്ടങ്ങളില്‍ പപ്പായ കൃഷിചെയ്യാം. വിദേശരാജ്യങ്ങളിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളമായി കൃഷിചെയ്യുന്ന ഒരിനമാണ് റെഡ് ലേഡി. റെഡ് ലേഡിയില്‍ത്തന്നെ മെക്‌സിക്കന്‍, ഹവാലിയന്‍ എന്നീ രണ്ട് ഇനങ്ങളുണ്ട്. മെക്‌സിക്കന്‍ റെഡ് ലേഡിക്കാണ് കൂടുതല്‍ ഉല്‍പ്പാദനം. വര്‍ഷംമുഴുവന്‍ ഉല്‍പ്പാദനവും സ്വാദിഷ്ടമേറും ഫലവുമാണ് ഈ ഇനത്തിന്റെ പ്രത്യേകത.
നടീലും പരിപാലനവും
നല്ല ജൈവാംശമുള്ള ജലനിര്‍ഗമന സാധ്യതയുള്ള ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം പപ്പായകൃഷിക്ക് തെരഞ്ഞെടുക്കാന്‍.50 ഃ 50 ഃ 50 സെ. മീ. അളവിലും 1.8 മീറ്റര്‍ അകലത്തിലും കുഴികളെടുത്ത് കുഴിയൊന്നിന് 20 കി.ഗ്രാം ഉണക്കചാണകപ്പൊടിയും ഒരു കി.ഗ്രാം വേപ്പിന്‍പിണ്ണാക്കും ഒരു കി.ഗ്രാം എല്ലുപൊടിയും മേല്‍മണ്ണായി കൂട്ടിച്ചേര്‍ത്ത് കുഴി നിറയ്ക്കണം. രണ്ടുമാസം പ്രായമുള്ള തൈകളാണ് നടീലിനായി ഉപയോഗിക്കുന്നത്. ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍ -ജൂലൈ, ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ തൈകള്‍ നടാം. വേനല്‍ക്കാലത്ത് തണലും ജലസേചനവും കൊടുക്കണം. മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലം ആരംഭിക്കുന്നതോടെ ചെടി ഒന്നിന് 20-25 കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. 90 ഗ്രാം യൂറിയ, 200 ഗ്രാം രാജ്‌ഫോസ്, 130 ഗ്രാം എംഒപി എന്നീ രാസവളങ്ങള്‍ രണ്ടുമാസങ്ങള്‍ ഇടവിട്ട് ചേര്‍ത്തുകൊടുക്കണം. ചെടിക്കുചുറ്റും തടമെടുത്താണ് ജൈവവളങ്ങളും രാസവളങ്ങളും ചേര്‍ത്തുകൊടുക്കേണ്ടത്.
ചെടിയുടെ ചുവട്ടില്‍ വളരുന്ന കളകള്‍ നീക്കംചെയ്യണം. മൂന്നുനാല് മാസത്തിനകം ചെടികള്‍ പുഷ്പിക്കാന്‍ തുടങ്ങും. ചെടികള്‍ പുഷ്പിക്കുമ്പോള്‍ മാത്രമേ ആണ്‍പെണ്‍ മരങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ. 10 പെണ്‍മരങ്ങള്‍ക്ക് ഒരു ആണ്‍മരം എന്ന ക്രമത്തില്‍ നിര്‍ത്തി ബാക്കിയുള്ളവ നശിപ്പിക്കണം. ദ്വിലിംഗ പുഷ്പങ്ങളാണ് ചെടിയില്‍ കൂടുതലെങ്കില്‍ ആണ്‍മരത്തിന്റെ ആവശ്യമില്ല. 20/30 അടിവരെ ചെടികള്‍ വളരും. ഒരു മരത്തില്‍നിന്ന് 100/120 കായവരെ വര്‍ഷത്തില്‍ ലഭിക്കും. മൂന്നുവര്‍ഷംവരെ നല്ല ഉല്‍പ്പാദനം ലഭിക്കും. രോഗങ്ങളും കീടങ്ങളും പൊതുവേ ഈ വിളയില്‍ കുറവാണ്.

You must be logged in to post a comment Login