പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാം; സര്‍ക്കാര്‍ ഹൈക്കോടതിയിൽ  

 

കൊച്ചി: പമ്പയിലേക്ക് എല്ലാ സ്വകാര്യ വാഹനങ്ങളും കടത്തിവിടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സർക്കാർ മറുപടി നൽകിയിരിക്കുന്നത്.

എന്തുകൊണ്ട് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. തീര്‍ത്ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യം ആലോചിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പമ്പയിലേക്ക് എല്ലാ സ്വകാര്യ വാഹനങ്ങളും കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

പമ്പയിൽ തീര്‍ത്ഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ നിലയ്ക്കലിലേക്ക് തിരിച്ചെത്തണം. തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി എത്തുമ്പോള്‍ വാഹനം പമ്പയിലെത്തി, അവരെ കൂട്ടിക്കൊണ്ടുപോകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം നിലയ്ക്കൽ-പമ്പാ റൂട്ടിൽ പാര്‍ക്കിങ് അനുവദിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. അനധികൃത പാര്‍ക്കിങുകൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കണം. വാഹനങ്ങള്‍ നിലയ്ക്കൽ മാത്രമേ പാര്‍ക്ക് ചെയ്യാൻ അനുവദിക്കാവൂവെന്നും കോടതി വ്യക്തമാക്കി. നേരത്തെ നിലയ്ക്കലിൽ ഇറങ്ങിയശേഷം കെഎസ്ആര്‍ടിസി ബസ് മാര്‍ഗമാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് എത്തിയിരുന്നത്.

You must be logged in to post a comment Login