പരാജയപ്പെട്ടതോടെ തന്റെ സെഞ്ചുറിയ്ക്ക് വിലയില്ലാതായി; വികാരഭരിതനായി കോഹ്‌ലി

 

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. ഏത് ഗ്രൗണ്ടിലും റെക്കോര്‍ഡുകള്‍ കീഴടക്കുന്ന കോഹ്‌ലി ഇംഗ്ലണ്ടിലും ചരിത്ചരം ആവര്‍ത്തിച്ചു. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടി താരം ടീമിനെ കരകയറ്റി. എന്നാല്‍, ടെസ്റ്റില്‍ 31 റണ്‍സിന് പരാജയപ്പെട്ടതോടെ തന്റെ സെഞ്ചുറിയ്ക്ക് വിലയില്ലാതെ പോയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. വലിയ ലക്ഷ്യങ്ങളുണ്ടാകുമ്പോള്‍ ഇതുപോലെയുള്ള ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു ഒന്നാം ഇന്നിംഗ്‌സിലെ 149 റണ്‍സിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

‘പണ്ടൊക്കെ, വ്യത്യസ്തമായ സാഹചര്യങ്ങളില്‍. വ്യത്യസ്തമായ രാജ്യങ്ങളിലൊക്കെ കളിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. പക്ഷെ ക്യാപ്റ്റനായാല്‍ പ്രധാനം ടീമിനെ വിജയിപ്പിക്കുക എന്നത് തന്നെയാണ്. വ്യക്തിപരമായ നേട്ടങ്ങളില്‍ ശ്രദ്ധിക്കാതെ ആകുന്നതോടെ ഉള്ളിലുള്ള കഴിവ് താനെ പുറത്ത് വരും. ദീര്‍ഘനേരം കളിക്കാനും ഫോക്കസോടെ മുന്നേറാനും സാധിക്കും’ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം.

ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ഒന്നാം ടെസ്റ്റ് നഷ്ടമായത്. പക്ഷെ കേവലം 31 റണ്‍സിന്റെ അകലമല്ല ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെന്നതാണ് വാസ്തവം. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പെന്നാല്‍ വിരാട് കോഹ്‌ലി മാത്രമാണെന്നാണ് ഇംഗ്ലണ്ടിലെ പ്രകടനം കാണിച്ചു തരുന്നത്. അപ്പോള്‍ 31 റണ്‍സിനും മുകളിലാകും ഇരു ടീമുകളും തമ്മിലെ അന്തരം.

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടി കോഹ്‌ലി ഒറ്റയ്ക്ക് ഒരു ടീമായി മാറുകയായിരുന്നു. നായകന് പിന്തുണ നല്‍കാന്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് ശക്തിയ്ക്ക് കരുത്തുണ്ടായിരുന്നില്ല. കോഹ്‌ലിയെ വീഴ്ത്തിയാല്‍ കളി ജയിച്ചെന്ന് ഉറപ്പുണ്ടായതിനാല്‍ ഇംഗ്ലണ്ടുകാര്‍ ശ്രമിച്ചത് കോഹ്‌ലിയെ പുറത്താക്കാന്‍ മാത്രമായിരുന്നു.

‘നമ്മുടെ ബാറ്റിംഗ് നന്നാക്കേണ്ടതുണ്ട്. ഷോട്ട് സെലക്ഷനുകള്‍ നന്നാക്കണം. കുറേ കൂടി നന്നായി ബാറ്റ് കൊണ്ടും കളി നന്നാക്കണം. പക്ഷെ പോസിറ്റീവായ മനസോടെ മുന്നോട്ട് പോവുകയാണ് ഇപ്പോള്‍ വേണ്ടത്.സത്യത്തില്‍ വാലറ്റത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട് ‘ എന്നായിരുന്നു മത്സരശേഷം ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.

അതേസമയം, അഡ്‌ലൈഡിലെ ഇന്നിംഗ്‌സ് കഴിഞ്ഞാല്‍ പിന്നെ തന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നു ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 149 റണ്‍സിന്റേതെന്നും വിരാട് പറഞ്ഞു. മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നുവെങ്കില്‍ ഇതാകുമായിരുന്നു ഏറ്റവും മികച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വളരെ ശക്തമായ മത്സരം തന്നെയായിരുന്നു നടന്നതെന്നും ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളെ നന്നായി ബുദ്ധിമുട്ടിച്ചെന്നും ഇന്ത്യന്‍ താരം വ്യക്തമാക്കി.

You must be logged in to post a comment Login