‘പരാതിയെ കുറിച്ച് പൊലീസ് ചോദിച്ചാന്‍ ഞാന്‍ ഒന്നും പറയില്ല; പീഡനത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അതു ദൗര്‍ഭാഗ്യകരമാണ്’; കന്യാസ്ത്രീയോട്; ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി കന്യാസ്ത്രീ കര്‍ദിനാളിനെ അറിയിക്കുന്ന ശബ്ദരേഖ പുറത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി കന്യാസ്ത്രീ കര്‍ദിനാളിനെ അറിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. പരാതിയെ കുറിച്ച് പൊലീസ് ചോദിച്ചാല്‍ താന്‍ ഒന്നും പറയില്ലെന്ന് കര്‍ദ്ദിനാള്‍ പറയുന്നുണ്ട്. പീഡനത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അതു ദൗര്‍ഭാഗ്യകരമാണെന്നും കര്‍ദിനാള്‍ കന്യാസ്ത്രീയോട് പറയുന്നതും ശബ്ദരേഖയിലുണ്ട്.

ഇന്നലെയാണ് കര്‍ദിനാളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം സംബന്ധിച്ച ഒരു പരാതിയും കന്യാസ്ത്രീ നല്‍കിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മൊഴി നല്‍കിയിട്ടുണ്ട്. രേഖാമൂലം പരാതി നല്‍കിയില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞ വാദത്തില്‍ ഉറച്ചു നില്‍കുകയാണ് ഇപ്പോഴും. വൈക്കം ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സഭാ ആസ്ഥാനത്തെത്തി മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍നിന്ന് മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്. എന്നാല്‍ കര്‍ദിനാളിന്റെ മൊഴിയെ ഖണ്ഡിക്കുന്നതാണ് ശബ്ദരേഖ. പരാതിയുണ്ടെങ്കില്‍ വീടുകളിലേക്ക് മടങ്ങണമെന്നും വത്തിക്കാന്‍ പ്രതിനിധിയെ സമീപിക്കാനും കര്‍ദിനാള്‍ കന്യാസ്ത്രീയോട് നിര്‍ദേശിക്കുന്നുണ്ട്. താന്‍ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ ആലഞ്ചേരിയോട് പറയുമ്പോള്‍ പൊലീസ് ചോദിച്ചാല്‍ താന്‍ ഒന്നും പറയാനാകില്ലെന്ന് കര്‍ദിനാള്‍ മറുപടി നല്‍കുന്നു.

ഒരു കന്യാസ്ത്രീയുടെ പിതാവിനും മറ്റൊരു കന്യാസ്ത്രീയ്ക്കും ഒപ്പം സഭാ ആസ്ഥാനത്തെത്തി ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി കര്‍ദ്ദിനാളിന് നല്‍കിയിരുന്നുവെന്നാണ് പൊലീസിനു മുന്നിലും മജിസ്‌ട്രേട്ടിന് മുന്നിലും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാനാണ് അന്വേഷണസംഘം കര്‍ദ്ദിനാളിന്റെ മൊഴിയെടുത്തത്. ഈ പരാതിയില്‍ പീഡനമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് തിരിച്ചറിയുന്നത്.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പീഡനം ഇല്ലെന്ന് പൊലീസിന് മനസ്സിലായി. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളാണു ചൂണ്ടിക്കാട്ടിയിരുന്നത്.ഇതോടെയാണ് കര്‍ദിനാളിന് പീഡനവുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലായത്. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കര്‍ദ്ദിനാള്‍ അന്വേഷണ സംഘത്തോടും ആവര്‍ത്തിച്ചത്. കന്യാസ്ത്രീ തന്നെ വന്നുകണ്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, പീഡനം സംബന്ധിച്ച പരാതിയൊന്നും നല്‍കിയില്ല. മഠത്തിലെ വിഷയങ്ങളാണ് തന്നോട് പറഞ്ഞത്. രഹസ്യ സ്വഭാവമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നതിനാല്‍ വിവരങ്ങള്‍ ആരോടും വെളിപ്പെടുത്തിയില്ല. മറ്റൊരു സഭയിലെ അംഗമായതിനാല്‍ ആ സഭയിലെ അധികൃതരെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ഉപദേശിച്ച് കന്യാസ്ത്രീയെ തിരിച്ചയച്ചു എന്നാണ് കര്‍ദ്ദിനാള്‍ മൊഴി നല്‍കിയിട്ടുള്ളത്.

ജലന്തര്‍ ബിഷപ്പ് ഫോണിലൂടെ ശല്യപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ പരാതിയില്‍ പറഞ്ഞിരുന്നു. മറ്റൊരു കന്യാസ്ത്രീയുടെ പിതാവും പരാതി നല്‍കിയിരുന്നു. ഇതില്‍ ജലന്തര്‍ ബിഷപ്പ് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. ജലന്തറിലേതു ലത്തീന്‍ രൂപതയായതിനാല്‍ സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന് അവിടെ അധികാരങ്ങളില്ലാത്തതിനാല്‍ പരാതി അതുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നല്‍കാന്‍ ഉപദേശിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് മനസ്സിലായിട്ടുണ്ട്. ബിഷപ്പ് ഡോ: ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴില്‍ ജലന്തര്‍ രൂപതയുടെ ഭാഗമായി പ്രവര്‍ത്തിക്കാനാകില്ലെന്നും സിറോ മലബാര്‍ സഭയിലെ ഏതെങ്കിലും സന്യാസ സഭയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നും കന്യാസ്ത്രീ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

96 ചോദ്യങ്ങളാണ് അന്വേഷണ സംഘം കര്‍ദിനാളിനോടു ചോദിച്ചത്. കന്യാസ്ത്രീയെ നേരത്തെ അറിയില്ലെന്നു കര്‍ദിനാള്‍ പറഞ്ഞു. മറ്റൊരു ബിഷപ്പ് വഴിയാണ് കന്യാസ്ത്രീ പരാതി നല്‍കാന്‍ അവസരം ചോദിച്ചത്. അതായത് പീഡന പരാതിക്കപ്പുറത്ത് സഭ മറാനുള്ള അപേക്ഷയാണ് കര്‍ദിനാളിന് മുന്നില്‍ കന്യാസ്ത്രീ വച്ചത്. ഇതിനെ പരാതിയായി കാണാനാകില്ലെന്നും അതൊരു അപേക്ഷയാണെന്നും പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കര്‍ദിനാളിനെ ഇനി പൊലീസ് ബുദ്ധിമുട്ടിക്കില്ല.

You must be logged in to post a comment Login