പരിക്കുമാറി നെയ്മര്‍ കളത്തിലേയ്ക്ക് ; പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ബ്രസീല്‍ ഇന്ന് ഇറങ്ങുന്നു

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ആവേശം പകര്‍ന്ന് ബ്രസീല്‍ രണ്ടാം അങ്കത്തിന് ഇന്ന് കളത്തിലിറങ്ങുന്നു. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ കോസ്റ്ററിക്കയാണ് ബ്രസീലിന്റെ എതിരാളി. പരിക്ക് മാറി നെയ്മര്‍ ഇന്നത്തെ മത്സരത്തിന് ഇറങ്ങുമെന്നാണ് വിവരം. വൈകീട്ട് 5.30 ന് സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ കാനറികള്‍ ഇറങ്ങുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്രസീല്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലാകും.

അടുത്ത മത്സരത്തിന് വഴി തുറക്കണമെങ്കില്‍ ഇന്നത്തെ മത്സരം ബ്രസീലിന് നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ നെയ്മറിനേറ്റ പരിക്കും സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതിന്റെ ക്ഷീണവും മാറിവരുന്നതിന് മുമ്പാണ് ഇന്നത്തെ മത്സരത്തിന് ബ്രസീല്‍ ബൂട്ടണിയുന്നത്.

അതേസമയം, നെയ്മറിന്റെ പരിക്ക് ഭേദമായെന്നും ഇന്ന് കളിക്കുമെന്നുമാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. കുട്ടീഞ്ഞ്യോ-ഗബ്രിയേല്‍ ജീസസ്-നെയ്മര്‍ ത്രയവും പൌളീഞ്ഞ്യോവും മാഴ്‌സലോയും ഉള്‍പ്പെടുന്ന മറ്റ് താരനിരയും ഇന്ന് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ പുറത്തേയ്ക്കുള്ള വഴി തുറക്കും.

മറുവശത്ത് കെയ്‌ലര്‍ നവാസ് എന്ന ലോകോത്തര ഗോളിയുടെ സാന്നിധ്യമാണ് കോസ്റ്റാറിക്കയെ ശ്രദ്ധേയമാക്കുന്നത്. എന്നാല്‍, മറ്റു ടീമുകളെ അപേക്ഷിച്ച് പ്രായം കൂടിയ കളിക്കാരുള്ള ടീമാണ് കോസ്റ്ററിക്ക. യുവനിരയും പ്രായമേറിയവരും ഒന്നിച്ച് ഏറ്റുമുട്ടുമ്പോള്‍ ആരാധകരും ആശങ്കയിലാണ്.

You must be logged in to post a comment Login