പറഞ്ഞുകൊതിപ്പിക്കുന്ന പിഎസ്‌സി; യൂണിഫോമിട്ട ചില സ്വപ്നങ്ങള്‍

ഒരു ജോലി ലഭിക്കുകയെന്നത് ഏതൊരു അഭ്യസ്തവിദ്യന്റെയും ചിരകാലാഭിലാഷമാണ്. പ്രത്യേകിച്ച് അതൊരു ഗവണ്‍മെന്റ് സ്ഥാപനത്തിലുമായാല്‍ സന്തോഷത്തിന് അതിരുകളുണ്ടാകില്ല.
പരീക്ഷയെഴുതി കാത്തിരിപ്പ് തുടരുന്ന നിരവധി പാവപ്പെട്ട കാത്തിരിപ്പുകാര്‍ക്ക് ക്രിസ്മസ്-പുതുവത്സരസമ്മാനമായി പിഎസ് സി നല്‍കിയത് വലിയ സന്തോഷമായിരുന്നു. നിരന്തരം പിഎസ് സി പരീക്ഷയെഴുതി റിസല്‍ട്ടും മറ്റും കാത്തിരിക്കുന്നവരെയാണ് ഇക്കുറി പിഎസ് സി മുഖംനോക്കാതെ പരിഹസിച്ചിരിക്കുന്നത്. യൂണിഫോം സേനകളിലെ എസ്‌ഐ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ജയിലര്‍ തസ്തികകളിലേക്ക് നടത്തിയ എഴുത്തുപരീക്ഷയെ തുടര്‍ന്നുണ്ടായ പരീക്ഷണങ്ങളാണ് പാവം പരീക്ഷയെഴുത്തുകാരുടെ മനസിനെ ഏറെ കൊതിപ്പിച്ച ശേഷം നിരാശയുടെ പച്ചവെള്ളം കോരിയൊഴിച്ചത്. ”ആനപ്പുറത്തു കേറാന്‍ ആശിച്ചവന്‍, ശൂലത്തില്‍ കയറിയെന്നു പറയുന്നപോലെയായി” കാര്യങ്ങള്‍.
മൊബൈലും, ഇന്റര്‍നെറ്റും വന്നപ്പോള്‍ ഇനി പിഎസ് സി നേരെയാകുമെന്ന് വീമ്പടിച്ച പല പ്രശസ്ത സാമൂഹികവക്താക്കളെയും ഈ സാഹചര്യത്തില്‍ ഓര്‍ക്കാം.

എഴുത്തുപരീക്ഷയില്‍ നിശ്ചിത മാര്‍ക്കു നേടി പാസാകാത്തവര്‍ക്കും കായികക്ഷമത പരിശോധനയ്ക്ക് ഹാജരാകാന്‍ മൊബൈല്‍ സന്ദേശം ലഭിച്ചതും കായികക്ഷമത നേടാന്‍ പരിശീലനമാരംഭിച്ചതുമെല്ലാം ഒറ്റ ദിവസമായിരുന്നു. അതിരാവിലെ മൂടിപ്പുതച്ചു കിടന്നുറങ്ങിയവരെല്ലാം ഒരൊറ്റ ദിവസംകൊണ്ട് കടാപ്പുറത്തും, മൈതാനങ്ങളിലുമെല്ലാം ഓട്ടപ്രദക്ഷിണം ആരംഭിച്ചു. പിക്കപ്പു നഷ്ടപ്പെട്ടവരും, കപ്പാസിറ്റി തേഞ്ഞവരുമായ മത്സരാര്‍ത്ഥികളെല്ലാം പല തരത്തിലുള്ള കസര്‍ത്തുകള്‍ കാണിച്ച് ശരീരം മെച്ചപ്പെടുത്താനും മറ്റു മികവുകളെല്ലാം ഉയര്‍ത്താനും പാടുപെട്ടു. നിര്‍ദ്ദിഷ്ട പരീക്ഷ എഴുതിയവരുടെ എട്ടു ചുരുക്കപ്പട്ടികകളും പിഎസ് സി ഇതിനിടെ പ്രസിദ്ധീകരിച്ചു.  അപ്പോഴും കായികക്ഷമതയ്ക്കുവേണ്ടി ഏറെ വിയര്‍പ്പൊഴുക്കി പലരും ക്ഷമത ഉറപ്പിച്ചു. പരീക്ഷയില്‍ കട്ട് ഓഫ് മാര്‍ക്കില്ലാതെ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്കും ”കായികമാമാങ്കത്തില്‍” പങ്കെടുക്കാനുള്ള അവസരം പിഎസ് സി മാമന്‍മാര്‍ ഒരുക്കിയിട്ടുണ്ടെന്ന സന്ദേശങ്ങള്‍ പരന്നു കഴിഞ്ഞു. ഊണിലും ഉറക്കത്തിലുമെല്ലാം യൂണിഫോമിട്ട സ്വപ്നങ്ങള്‍ കണ്ട ഒരുപാടുപേരുണ്ടായിരുന്നു. അതായത് ഏകദേശം 6793 പേര്‍. വിവിധ ഭാഗങ്ങളിലുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ് ലഭിച്ചു.
ഉദ്യോഗാര്‍ത്ഥികളുടെ പേര്, കാറ്റഗറി നമ്പര്‍ എന്നിവ ഉള്‍പെടുന്ന എസ്എംഎസില്‍ പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും കായികക്ഷമതാ പരീക്ഷണത്തിനുള്ള ഹാള്‍ടിക്കറ്റ് ടൗണ്‍ലോഡ് ചെയ്യാന്‍ വരെ നിര്‍ദേശങ്ങളുണ്ടായിരുന്നു. മെസേജ് കിട്ടിയ അന്നുമുതല്‍ മനസില്‍ ലഡുപൊട്ടിച്ചായിരുന്നു ഏവരും നടന്നത്. പലരും സിഐഡി മൂസയില്‍ ദിലീപ് തയ്പിച്ചെടുത്തപോലൊരു കുപ്പായത്തിനും ഓര്‍ഡര്‍ നല്‍കി. ജിമ്മില്‍ പോയി മസിലൊക്കെ പെരുപ്പിച്ച്, സുരേഷ് ഗോപിയുടെ പൊലീസ് ചിത്രങ്ങള്‍ പലയാവര്‍ത്തി കണ്ടു നടന്ന അഭ്യസ്തവിദ്യര്‍ പലരും മായികലോകത്തിലായിരുന്നു.
സന്ദേശം ലഭിച്ച അന്നുമുതല്‍ അങ്കലാപ്പും അമ്പരപ്പും അതിലേറെ ആശകളുമായി നടന്ന പരീക്ഷയെഴുത്തുകാരുടെ മൊബൈലിലേക്ക് ആ മെസേജ് വന്നത് പൊടുന്നനെയായിരുന്നു. ”ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രം കായികക്ഷമതാ പരീക്ഷയ്ക്ക് എത്തിയാല്‍ മതിയെന്ന തിരുത്തല്‍” സന്ദേശം… ക്രിസ്മസ് രാത്രിയില്‍ പതുപതുത്ത മെത്തയില്‍ കിടത്തി ഉറക്കിയിട്ട് നട്ടപ്പാതിരായ്ക്ക് തലയില്‍ കൂടി വെള്ളമൊഴിച്ച അവസ്ഥയിലായി പലരും. സ്വപ്നം കണ്ടതെല്ലാം വെറുതെയായ യാഥാര്‍ത്ഥ്യം മനസിലാക്കിയ പലരും ബിവറേജിലേക്കോടി. കൂട്ടിുകാരോടും വീട്ടുകാരോടും കായികക്ഷമത പരീക്ഷയെക്കുറിച്ച് പറഞ്ഞവരെല്ലാം പാടത്തും വരമ്പത്തുമിരുന്ന് മദ്യ-കായികക്ഷമത പരീക്ഷിച്ചു. ഇതിലാരും പാസായില്ലെന്നത് നഗ്നസത്യം. മാനസമൈനേ പാടി കണ്ട യൂണിഫോം സ്വപ്നത്തെ പോക്കറ്റിലാക്കിയ  ഉദ്യോഗാര്‍ത്ഥികള്‍ നിരാശരാണെന്ന് പ്രിയപ്പെട്ട കമ്മിഷന്‍ അറിയുന്നുണ്ടോ ആവോ???

You must be logged in to post a comment Login