പറ്റില്ലെങ്കില്‍ പ്രതിഫലം തിരികെ തരണം: തൃഷയോട് നിര്‍മാതാവ്

പറ്റില്ലെങ്കില്‍ പ്രതിഫലം തിരികെ തരണം: തൃഷയോട് നിര്‍മാതാവ് 

സിനിമയുടെ പ്രമോഷന് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ പ്രതിഫലം തിരികെ നല്‍കണമെന്ന് നടി തൃഷയോട് നിര്‍മാതാവ്. പരമപഥം വിളയാട്ട് എന്ന സിനിമയുടെ നിര്‍മാതാവ് ടി. ശിവയാണ് തൃഷക്കെതിരെ രംഗത്തുവന്നത്. തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

സിനിമയുടെ റിലീസിന് മുന്നോടിയായി ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തൃഷ പങ്കെടുക്കാതിരുന്നതാണ് നിര്‍മാതാവിനെ ചൊടിപ്പിച്ചത്. വന്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും കൃത്യമായ പ്രമോഷനില്ലെങ്കില്‍ തിയേറ്ററില്‍ പരാജയപ്പെടുകയാണ്. പരമപഥത്തില്‍ സ്ത്രീ കഥാപാത്രത്തിനാണ് പ്രാധാന്യം. തൃഷ ഒഴിച്ചുള്ള നടീനടന്മാരല്ലാം പുതുമുഖങ്ങളാണ്. തൃഷ വിട്ടുനിന്നാല്‍ എങ്ങനെ പ്രമോഷന്‍ നടക്കുമെന്നാണ് നിര്‍മാതാവിന്‍റെ ചോദ്യം. പ്രമോഷന് പങ്കെടുക്കാന്‍ പറ്റില്ലെങ്കില്‍ വാങ്ങിയ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം തിരികെ നല്‍കണമെന്നും നിര്‍മാതാവ് ആവശ്യപ്പെട്ടു.

24 അവേഴ്‌സ് പ്രൊഡക്ഷന്‍സാണ് പരമപഥം വിളയാട്ട് നിര്‍മ്മിക്കുന്നത്. നന്ദ ദുരൈരാജ്, റിച്ചാര്‍ഡ് റിഷി, എ.എല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ദീപ ശങ്കര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രദീപ് ഇ രാഘവാണ് എഡിറ്റിങ്. അമൃഷിന്‍റേതാണ് സംഗീതം. ഛായാഗ്രഹണം ജെ ദിനേശ്. ഈ മാസം 28ന് ചിത്രം തീയറ്ററുകളിലെത്തും.

You must be logged in to post a comment Login