പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. ആറംഗ സമിതിയിലെ അഞ്ചുപേരും നിരക്ക് വര്‍ധനയ്‌ക്കെതിരെ വോട്ട് ചെയ്തു. ഇന്ധന വില വര്‍ധനയും പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യവും രൂപയുടെ മൂല്യശോഷണവും കണക്കിലെടുത്ത് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചനയുണ്ടായിരുന്നു. ക്രൂഡ് ഓയില്‍ വില ഉയരുന്നതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് പണപ്പെരുപ്പത്തിന് ഭീഷണിയാകുന്നത്.

അതേസമയം, ഇന്ധന വില വര്‍ധന ഉണ്ടായിട്ടും ഓഗസ്റ്റിലെ പണപ്പെരുപ്പത്തോത് 3.69 ശതമാനം ആയിരുന്നു. ജൂലായില്‍ ഇത് 4.17 ശതമാനവും. ഇതിനുമുമ്പ് തുടര്‍ച്ചയായ രണ്ടു തവണ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് നിന്ത്രണത്തിലായതാണ് നിരക്ക് വര്‍ധനയില്‍ നിന്ന് ആര്‍ബിഐയെ പിന്തിരിപ്പിച്ചത്.

You must be logged in to post a comment Login