പള്‍സര്‍ സുനിയും പെണ്‍വാണിഭ കേസില്‍ ദുബൈ പൊലീസ് അന്വേഷിച്ചിരുന്ന ‘സുനില്‍ സുരേന്ദ്ര’നും ഒരാളെന്ന് സൂചന

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും പെണ്‍വാണിഭ കേസില്‍ ദുബൈ പൊലീസ് അന്വേഷിച്ചിരുന്ന ‘സുനില്‍ സുരേന്ദ്ര’നും ഒരാളെന്ന് സൂചന. 2013-14 വര്‍ഷങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ പല തവണ ഇയാള്‍ ദുബൈയിലെത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്ന പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ലിസി സോജന്റെ ഏജന്റുമാരായി ദുബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡ്രൈവര്‍മാരായ കൊടുങ്ങല്ലൂര്‍ എറിയാട് ആവണിത്തറയില്‍ എ.പി. മനേഷ്, അഴീക്കോട് തോട്ടുങ്കല്‍ ടി.എ. റഫീഖ്, മരട് പയ്യപ്പിള്ളി വര്‍ഗീസ് റാഫേല്‍ എന്നിവരുടെ മൊഴികളിലും ഡ്രൈവറായിരുന്ന സുനില്‍ സുരേന്ദ്രനെ കുറിച്ച് പരാമര്‍ശമുണ്ട്.

സിനിമയില്‍ അവസരം തേടിയെത്തുന്ന യുവതികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയായിരുന്നു സുനില്‍ സുരേന്ദ്രന്‍. ഇതേ ലക്ഷ്യത്തോടെയാണ് ഇയാള്‍ സിനിമക്കാരുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിക്കുന്നു. കേരളത്തില്‍ നിന്ന് യുവതികളെ വിദേശത്തേക്ക് കടത്തുന്നതിന് നേതൃത്വം നല്‍കിയ തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷിന്റെ കൂട്ടാളിയായിരുന്നു സുനില്‍. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ദുബൈയില്‍ നിന്ന് മുങ്ങി. പാസ്‌പോര്‍ട്ട് വ്യാജമായിരുന്നതിനാല്‍ ദുബൈ പൊലീസിന് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നടിയോട് അതിക്രമം കാണിച്ച കേസില്‍ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ കോടനാട് നെടുവേലിക്കുടി സുനില്‍കുമാറെന്ന പള്‍സര്‍ സുനി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അന്വേഷണ സംഘം രാജ്യത്തെ വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കു മൂന്നു പേരുകളില്‍ പാസ്‌പോര്‍ട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.

ദുബൈയിലെ പെണ്‍വാണിഭ സംഘത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് കേസ് സിബിഐ ഏറ്റെടുക്കുന്ന ഘട്ടമെത്തിയപ്പോള്‍ അജ്ഞാതനായിരുന്ന സുനില്‍ സുരേന്ദ്രന്‍ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ദുബൈയിലെ മലയാളി സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് 2013 പകുതിയോടെയാണു പെണ്‍വാണിഭ കേസില്‍ ദുബൈയ് പൊലീസ് അന്വേഷണം തുടങ്ങിയത്. സുരേഷ്, ലിസി സോജന്‍ എന്നിവര്‍ അടക്കമുള്ള പ്രതികളെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചാണ് സിബിഐ അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭ കേസിലെ പ്രതികള്‍ സുനില്‍കുമാറിനെ തിരിച്ചറിഞ്ഞു മൊഴി നല്‍കിയാല്‍ ഇയാളെ സിബിഐയും ചോദ്യം ചെയ്യും.

You must be logged in to post a comment Login