പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

യുവനടിയെ ആക്രമിച്ച സംഭവത്തിൽ ജയിലിൽനിന്നു ഫോൺ വിളിച്ച കേസിൽ പൾസർ സുനിയെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പൊലീസിന്റെ അപേക്ഷ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. കോയമ്പത്തൂരിൽനിന്ന് മോഷണം പോയ ഫോണാണ് സുനി ജയിലിൽ ഉപയോഗിച്ചത്. അതിനാൽ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതിനാൽ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.

പൾസർ സുനി കാക്കനാട് ജയിലിനുള്ളിൽ വച്ച് ഫോണ്‍ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കാക്കനാട് ജയിലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.സുനി ജയിലിൽ വച്ച് തുടർച്ചയായി നാദിർഷ, ദിലീപിന്‍റെ മാനേജർ അപ്പുണ്ണി എന്നിവരെ ഫോണിൽ വിളിക്കുമായിരുന്നു എന്ന സഹതടവുകാരൻ ജിൻസന്‍റെ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചത്. പോലീസിന് ലഭിച്ച ദൃശ്യത്തിൽ ജിൻസനെയും വ്യക്തമായി കാണാമെന്നാണ് സൂചന.

കഴിഞ്ഞ മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതോടെ കേസിലെ ഗൂഢാലോചന തെളിയിക്കാൻ ശക്തമായ മറ്റൊരു തെളിവുകൂടി പോലീസിന് ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.

You must be logged in to post a comment Login