പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞ് ഹോട്ടലുടമ; ഒഴുക്കുള്ള വെള്ളമുള്ള സ്ഥലമന്വേഷിച്ചുവെന്ന് ഉടമ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ‘ഒഴുക്കുള്ള സ്ഥലം’ അന്വേഷിച്ചെന്ന് സാക്ഷിമൊഴി. ഹോട്ടലിന് സമീപം ശക്തമായ ഒഴുക്കുള്ള സ്ഥലം എവിടെയാണെന്ന് പ്രതികള്‍ ചോദിച്ചതായി കൊച്ചിയിലെ ഒരു ഹോട്ടലുടമസ്ഥയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

സുനിയുടെ മൊബൈല്‍ ഫോണിനായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഹോട്ടലുടമയുടെ മൊഴി. കീഴടങ്ങുന്ന ദിവസമാണ് പ്രതികള്‍ എത്തിയതെന്നും ഇവര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പള്‍സര്‍ സുനിയെയും വിജീഷിനേയും ഹോട്ടലിലെത്തിച്ച് തെളിവെടുത്തു.

മൊബൈല്‍ ഉപേക്ഷിക്കാനാണ് പ്രതികള്‍ ഒഴുക്കുള്ള സ്ഥലം അന്വേഷിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സുനിയും സംഘവും നടിയെ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഹോട്ടലുടമയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണ്‍ ഓടയിലെറിഞ്ഞു എന്നായിരുന്നു സുനി ആദ്യം അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഫോണ്‍ കായലില്‍ എറിഞ്ഞെന്ന് സുനി മൊഴിമാറ്റി. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാവികസേനയുടെ നേതൃത്വത്തില്‍ ഗോശ്രീ പാലത്തിന് ചുവട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കേസില്‍ സുപ്രധാന തെളിവാണ്. മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പോലീസിന് പ്രതികളില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഫോണിനും മെമ്മറികാര്‍ഡിനുമായി കോയമ്പത്തൂരും ആലപ്പുഴയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

You must be logged in to post a comment Login