പഴങ്ങളിലെ രാജകുമാരി…

മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്, എന്നിവിടങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാന്‍. ലിച്ചി, ലോന്‍ഗന്‍ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം. മലായ് ദ്വീപസമൂഹങ്ങള്‍ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നര്‍ത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കില്‍ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടില്‍ സമൃദ്ധമായ നാരുകള്‍ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഏഴുവര്‍ഷം പ്രായമായ മരങ്ങളാണ് കായ്ച്ച് തുടങ്ങുന്നത്. ‘പഴങ്ങളിലെ രാജകുമാരി’ എന്നും ‘ദേവതകളുടെ ഭക്ഷണം’ എന്നും വിശേഷിക്കപ്പെടുന്ന ഇത് സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമാണ്. ഔഷധമായും ഇത് ഉപയോഗിക്കുന്നു.റമ്പൂട്ടാന്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന രാജ്യം തായ്‌ലന്റ് ആണ്. ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളില്‍ പഴങ്ങള്‍ കാണപ്പെടുന്ന ഇനങ്ങള്‍ റമ്പൂട്ടാനില്‍ ഉണ്ട്. കൂടാതെ ജാതി മരത്തേപ്പോലെ ആണ്‍ മരങ്ങളും പെണ്‍ മരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യമാണെങ്കിലും വളരെ അപൂര്‍വ്വമായി രണ്ട് പൂക്കളും ഒരു മരത്തില്‍ തന്നെ കാണപ്പെടുന്ന ഇനങ്ങളും ഉണ്ട്.
പൂര്‍ണ്ണമായും ജൈവ രീതിയില്‍ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്.സമുദ്രനിരപ്പില്‍ നിന്നും 1800  മുതല്‍ 2000 അടിവരെ ഉയരത്തില്‍ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണിത്. നീര്‍വാഴ്ചയും ജൈവാംശവും ഉള്ള മണ്ണില്‍ കൃഷിചെയ്യാവുന്നതാണ്. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലമാണ് റമ്പൂട്ടാന്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയം. കൃഷി സ്ഥലത്തിന് അല്പം ചരിവുള്ളതാണ് കൃഷിക്ക് ഏറ്റവും നല്ല സ്ഥലം. 3 അടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളില്‍ 15 മുതല്‍ 20 അടി വരെ അകലത്തില്‍ റമ്പൂട്ടാന്‍ കൃഷി ചെയ്യാവുന്നതാണ്. കുഴികളില്‍ മുക്കാല്‍ ഭാഗത്തോളം മേല്‍മണ്ണ്, ചാണകപ്പൊടിയോ മണ്ണിര കമ്പോസ്‌റ്റോ, എല്ലുപൊടി, റോക്ക് ഫോസ്‌ഫേറ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവകൊണ്ട് നിറച്ച കുഴികള്‍ നിറച്ച് റമ്പൂട്ടാന്‍ നടാവുന്നതാണ്. നടുന്നതിനായി സങ്കരയിനം തൈകളുടെ ബഡ്ഡു ചെയ്ത തൈകള്‍; കുഴിയുടേ നടുവില്‍ ഒരു ചെറിയ കുഴി ഉണ്ടാക്കി തൈകള്‍ നടാവുന്നതാണ്. തൈകള്‍ നട്ടതിനു ശേഷം, കുഴിയുടെ വശങ്ങള്‍ അരിഞ്ഞിട്ട് ഏകദേശം നിരപ്പാക്കുക.വളര്‍ച്ച രണ്ടു മൂന്നു വര്‍ഷം ആകുന്നതുവരെ ഭാഗീകമായി തണല്‍ ആവശ്യമുള്ള ഒരു സസ്യമാണ് റമ്പൂട്ടാന്‍. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്.

 

rambutan01_big മൂന്നാം വര്‍ഷം മുതല്‍ നല്ല രീതിയില്‍ സൂര്യപ്രകാശവും ഈ ചെടികള്‍ക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങള്‍ നല്ല രീതിയില്‍ കായ്ഫലവും നല്‍കുന്നു. തണലിനേക്കൂടാതെ വളര്‍ച്ചയുടെ ആദ്യ കാലങ്ങളില്‍; നല്ല രീതിയില്‍ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. തൈകളില്‍ ആദ്യത്തെ ഇലകള്‍ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിന്‍ പിണ്ണാക്കോ തുല്യ അളവില്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന ജൈവവളക്കൂട്ട്, ജീവാണുവളം അസോസ്‌പൈറില്ലം അല്ലെങ്കില്‍ ബയോ പൊട്ടാഷ് എന്നിവയും വളമായി നല്‍കാവുന്നതാണ്.ചെടിയ്ക്ക് ഒരു വര്‍ഷം പ്രായമാകുമ്പോള്‍ ജൈവവളകൂട്ട് 4 തവണയും ജീവാണൂവളങ്ങള്‍ 2 തവണയും മറ്റുള്ള വളങ്ങള്‍ രണ്ട് തവണയും നല്‍കാവുന്നതാണ്. രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷത്തിലും ഇതേ രീതിയില്‍ തന്നെ വളപ്രയോഗം നടത്താവുന്നതാണ്. നാലുവര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ ചെടികളില്‍ ജൈവ വളക്കൂട്ടിനും മറ്റു വളങ്ങള്‍ക്കും പുറമേ ചാണകപ്പൊടി കൂടുതലായി നല്‍കുന്നതും നല്ലതാണ്.
75 അടി വരെ ഉയരത്തില്‍ വളരുമെങ്ങിലും 8  10 അടിയില്‍ കൂടുതല്‍ പൊക്കത്തില്‍ വളരാതിരിക്കുന്നതിനായി കമ്പു കോതല്‍ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തില്‍ നിന്നും പഴങ്ങള്‍ വലയിട്ട് സംരക്ഷിക്കുവാന്‍ സാധിക്കും.ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാന്‍ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളില്‍ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങള്‍ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ്  ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു. പാകമായ പഴങ്ങള്‍ തോട്ടികൊണ്ട് പറിച്ചെടുക്കാവുന്നതാണ്.സാധാരണയായി രോഗങ്ങള്‍ ബാധിക്കാത്ത ഒരു സസ്യമാണിത്. എങ്കിലും നേരിയ തോതില്‍ ശല്‍ക കീടങ്ങള്‍, മീലിമൂട്ട, ഇല തിന്നുന്ന വണ്ടുകള്‍, പുഴുക്കള്‍, പുല്‍ചാടികള്‍ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകുന്ന ഒരു സസ്യം കൂടിയാണിത്. കീടശല്യം ഒഴിവാക്കുന്നതിന് സാധാരണയായി വേപ്പിന്‍ കുരു സത്ത് ആണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്. കൂടാതെ കളനിയന്ത്രണം, ശല്‍ക കീടങ്ങള്‍ ബാധിച്ചിരിക്കുന്ന കമ്പുകള്‍ വെട്ടി തീയിട്ട് നശിപ്പിച്ചാലും കീടശല്യം കുറയ്ക്കാവുന്നതാണ്.

 

 

You must be logged in to post a comment Login