പവിഴ ദ്വീപിലെ ജീവിതം

ഒരു നാടിനെ കുറിച്ച് പറയുമ്പോൾ ഇതൊക്കെ പറഞ്ഞില്ലെങ്കിൽ പിന്നെ എന്ത് അല്ലേ? വെയ്മണ്ടൂ എന്ന ദ്വീപിൽ ഇറങ്ങിയ ആദ്യ ദിനം തന്നെ അവിടത്തെ കുടുംബ ജീവിതത്തെ കുറിച്ച് എനിക്ക് ചില സൂചനകൾ കിട്ടിയിരുന്നു.. കുടുംബ ജീവിതത്തിൽ പൊതുവെ സ്ത്രീകളുടെ വാക്കിനാണ് വില.. വീട്ടിലെ കാര്യങ്ങളിൽ നിർണായക തീരുമാനവും അവസാന വാക്കും അവരുടേതാണ്..

ഞാൻ വന്ന ദിവസം താമസിച്ച റൂമിനെ കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ.. അവിടെ താമസിക്കാൻ പറ്റൂല എന്ന് എനിക്ക് രണ്ട് ദിവസം കൊണ്ട് തന്നെ ബോധ്യമായി.. പിന്നീട് ഒരു നല്ല റൂം തേടിയുള്ള അലച്ചിൽ ആയിരുന്നു ദ്വീപു മുഴുവൻ.. സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വീട് ഉണ്ടെന്ന് കേട്ടപ്പോൾ എന്നാൽ പിന്നെ അതൊന്നു നോക്കിക്കളയാം എന്ന് തീരുമാനിച്ചു. അന്വേഷിച്ചു ചെന്നപ്പോൾ ആണ്‌ അറിയുന്നത് വീട്ടുകാരി ആശുപത്രിയിൽ പ്രസവിച്ചു കിടക്കുകയാണ്.. മറ്റൊരു അധ്യാപകൻ ആണ്‌ ഇതൊക്കെ അന്വേഷിച്ചു എന്നെ കൂടെ കൊണ്ട് പോകുന്നത്.. വഴിയിൽ വെച്ചു ഞാൻ എന്റെ സംശയം ചോദിച്ചു.. അതല്ല നമ്മൾ എന്തിനാ വീട്ടുകാരിയെ ( ഇനി മുതൽ ദത്ത = ചേച്ചി എന്ന് വിളിക്കാം ) കാണാൻ പോകുന്നെ? വീട്ടുകാരനെ ( ഇനി മുതൽ ബേബേ= ചേട്ടൻ എന്ന് വിളിക്കാം ) അല്ലേ കാണേണ്ടത്? അത് നിനക്ക് ഇവിടുത്തെ സെറ്റപ്പ് അറിയാത്തതു കൊണ്ടാണ് എന്ന് കൂടെയുള്ള അധ്യാപകൻ.. ഹോസ്പിറ്റലിൽ പ്രസവിച്ചു കിടക്കുന്ന ദത്തയെ ഏതായാലും നേരിട്ട് കാണാൻ പറ്റൂല.. സ്കൂളിലെ പഠിക്കുന്ന ദത്തയുടെ രണ്ടാമത്തെ മകൾ അവിടെയുണ്ട്. അവളെ കണ്ട് കാര്യം പറഞ്ഞു… അവൾ അകത്തു പോയി ദത്തയുടെ സമ്മതം വാങ്ങി വന്നു.. 1200 റുഫിയ (4500 രൂപ ) വാടക തരണം എന്നാണ് ഡിമാൻഡ്.. അവരുടെ വീടിനുള്ളിൽ തന്നെ ഒരു ബെഡ്‌റൂം ആണ്‌ എനിക്കായി തന്നിരിക്കുന്നത്… രാത്രിയായപ്പോൾ ബേബേ വന്നു ഇവനാണല്ലേ പുതിയ താമസക്കാരൻ എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി പോയി. ഞാൻ ആലോചിച്ചു നമ്മുടെ നാട്ടിൽ ആണെങ്കിൽ ഇങ്ങനെ വീട്ടുകാരി ഭർത്താവിനോട് ചോദിക്കാതെ ഒരാളെ വീട്ടിലെ ഒരു റൂം വാടകക്ക് കൊടുത്തു താമസിപ്പിച്ചാൽ എജ്ജാതി പുകിലാവും ഉണ്ടാവുക… മാലിദ്വീപിൽ അങ്ങനെയാണ് പല കുടുംബങ്ങളിലും ദത്തമാരുടെ വാക്കാണ് വാക്ക് ( അല്ലാത്ത വീടുകളും ഉണ്ട് )… ഏതായാലും ദത്തയും, ബേബേയും, നാലു മക്കളും ഉള്ള ആ വീട്ടിൽ ഇനി മുതൽ ഞാനും ഒരു അംഗം പോലെയാണ്… പിന്നീടുള്ള ആറു വർഷവും ഞാൻ ഒറ്റക്കും, കുടുംബം നാട്ടിൽ നിന്നു വന്നപ്പോളും താമസിച്ചത് ആ വീട്ടിൽ തന്നെ… ദത്തയും ബേബേയും എന്നെ ഒരു മകനെ പോലെ കരുതി എല്ലാം ചെയ്തു തന്നിരുന്നു… ആ കടപ്പാടുകൾ മറക്കാനാവില്ല…

ദിവേഹി മാത്രമറിയാവുന്ന ദത്തയും ഇംഗ്ലീഷ് മാത്രം അറിയാവുന്ന ഞാനും തമ്മിലുള്ള ആദ്യകാല സംഭാഷണങ്ങൾ പലപ്പോഴും എങ്ങും എങ്ങും എത്താറില്ല..ദത്ത പക്ഷെ അങ്ങനെ വിട്ട് കൊടുക്കുന്ന ആളല്ല ചിലപ്പോഴൊക്കെ ദത്ത പറഞ്ഞ സാധനം എനിക്ക് മനസ്സിലായില്ലെങ്കിൽ അത് എടുത്തു കൊണ്ട് വന്നു കാണിക്കും അല്ലെങ്കിൽ മക്കളെ വിളിച്ചു തർജമ ചെയ്യിക്കും.. എനിക്കായി അവർ ഒരു ചെറിയ അടുക്കള ഒരുക്കിയിട്ടുണ്ടെങ്കിലും പാചകത്തിന്റെ ABCD അറിയാത്ത ഞാൻ രാവിലെ കിടന്നു പരുങ്ങുന്നതു ദത്തക്ക് മനസ്സിലായി.. അവരിലെ മാതൃത്വം ഉണർന്നു… എന്നോട് എന്തൊക്കെയോ ചോദിച്ചു.. ഒന്നും മനസ്സിലാകുന്നില്ല എന്നറിഞ്ഞപ്പോൾ ഇംഗ്ലീഷ് അറിയുന്ന ഒരാളെ അവർ കൂട്ടി വന്നു… എന്താണ് നിന്റെ പ്രശ്നം? ഭക്ഷണം ഉണ്ടാക്കാൻ അറിയുമോ? ചോറുണ്ടാക്കാൻ എനിക്ക് ഒരു ധാരണ ഉണ്ട്.. പക്ഷെ പ്രാതൽ ഉണ്ടാക്കാൻ എനിക്കറിയൂല എന്ന് ഞാൻ തുറന്നു പറഞ്ഞു… എന്നും രാവിലെ ഞാൻ നിനക്ക് റോഷിയും ( മൈദ ചപ്പാത്തി ) കറിയും തരാമെന്നു ദത്ത… 1200 രൂപ വാടകക്ക് എന്നോട് വാശി പിടിച്ച ദത്ത ഒരു രൂപ പോലും വാങ്ങാതെയാണ് 6 വർഷം എനിക്ക് ബ്രേക്ഫാസ്റ്റ് തന്നത്…പോരാത്തതിന് ഫ്രിഡ്‌ജും വാഷിംഗ്‌ മെഷീനും ഉൾപ്പെടെ അവരുടെ വീട്ടിലെ എല്ലാം ഉപയോഗിക്കാം എന്നും സ്വന്തം വീട് പോലെ കരുതിയാൽ മതിയെന്നും ദത്ത പറഞ്ഞു… മനുഷ്യർ പല രാജ്യക്കാരാവാം വിഭാഗക്കാരാവാം എന്നാലും ഏതു നാട്ടിലും സ്നേഹമുള്ള, മനുഷ്യത്വമുള്ള ആളുകൾ ഉണ്ടാവും… ( അത്തരം കൂടുതൽ അനുഭവങ്ങൾ വേറൊരു പോസ്റ്റിൽ പറയാം ).. ദത്തയുടെ സ്നേഹത്തെ കുറിച്ച് പറയാൻ തുടങ്ങിയാൽ തീരില്ല.. തല്ക്കാലം നമ്മൾക്ക് പ്രണയവും വിവാഹവുമായി ഒക്കെ ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളിലേക്ക് പോവാം..

മാലിദ്വീപിലെ മിക്കവാറും വിവാഹങ്ങളൊക്കെ പ്രണയ വിവാഹങ്ങൾ ആണ്‌.. ഇട്ട വട്ടത്തിൽ ഉള്ള ദ്വീപിൽ പരസ്പരം എന്നും കാണുന്ന അവർ സ്കൂൾ പ്രായം തൊട്ടേ പ്രണയബദ്ധരാകുന്നു… ആരും അവരുടെ പ്രണയത്തിനു എതിരു നിൽക്കില്ല..ഒരു പക്ഷെ പ്രണയത്തിൽ വില്ലന്മാർ ഇല്ലാത്ത നാടാവും.. പ്രണയിക്കുന്നവർക്ക് വേണമെങ്കിൽ വിവാഹിതരാവാം അല്ലെങ്കിൽ ഇഷ്ടമില്ലാത്തവർക്കു പിരിഞ്ഞു പോകാം… കുടുംബ മഹിമയോ, തറവാടോ, മതമോ പണമോ, ജാതിയോ, ജോലിയോ ഒന്നും പ്രണയത്തിൽ വില്ലനായി വരില്ല…
ഞങ്ങളുടെ സ്കൂൾ സെക്രട്ടറി ആയിരുന്ന യുവാവ് അവിടത്തെ അറ്റോൾ ജഡ്ജിയുടെ മകനായിരുന്നു.. ഇന്ത്യയിൽ അതിന് തത്തുല്യമായ സ്ഥാനം ഹൈകോടതി ജഡ്ജിയുടെയാണ്.. അവൻ പ്രണയിച്ചതും വിവാഹം കഴിച്ചതും ഒരു ബാർബറുടെ മകളെയാണ്… നമ്മുടെ നാട്ടിൽ നമുക്ക് ഊഹിക്കാനേ പറ്റില്ല അങ്ങനെയുള്ള കാര്യങ്ങളൊക്കെ..

ഞാൻ അടുത്ത് കണ്ട അവിടത്തെ ആദ്യ പ്രണയം ഞാൻ താമസിക്കുന്ന വീട്ടിലെ മൂത്ത പെൺകുട്ടിയുടേത് തന്നെയായിരുന്നു.. അവൾ പത്താം ക്ലാസ്സ്‌ കഴിഞ്ഞു നിൽക്കുന്ന സമയം.. എന്നും രാത്രി ഒരു 8 മണിയായാൽ അവളുടെ കൂട്ടുകാരൻ വരും.. വീടിന്റെ മുറ്റത്ത്‌ തന്നെ ഉള്ള ജോളിയിൽ ( കയറു കൊണ്ടുള്ള കസേര ) അവർ സംസാരിച്ചിരിക്കും… ആർക്കും ഒരു എതിർപ്പൊന്നും ഇല്ല.. ബേബേ ( പെണ്ണിന്റെ വാപ്പ ) വന്നാൽ അവരുടെ മുന്നിലൂടെ തന്നെ ഒന്നും അറിയാത്ത പോലെ വീട്ടിലേക്കു കയറി പോകും… ആദ്യമൊക്കെ എനിക്കിതൊരു അദ്ഭുതമായിരുന്നു… രാത്രി 10 മണി കഴിഞ്ഞാൽ പിന്നെ ദത്തയുടെ വക ഒരു നീട്ടി വിളിയാണ് മകളുടെ പേര്.. അതൊരു സിഗ്നൽ ആണ്‌..സമയം വൈകി നിറുത്തിക്കൊ എന്ന്… ചിലപ്പോൾ പെണ്ണിന്റെ ആങ്ങള വന്നു ഭാവി അളിയനോട് സുപാരി ( അടക്ക ) ഉണ്ടോന്നു ചോദിക്കും… അത് കിട്ടിയാൽ അവനും വീട്ടിനുള്ളിൽ കേറി വാതിലടക്കും..

പ്രണയം പോലെ തന്നെ പലപ്പോഴും ലളിതമാണ് മാലിദ്വീപിലെ വിവാഹങ്ങളും.. സ്ത്രീധനം എന്നൊരു ഏർപ്പാടൊന്നും ഇല്ലെങ്കിലും പെൺകുട്ടിയുടെ വീട്ടിൽ നിന്നു കുറച്ച് സാധനങ്ങൾ കൊണ്ട് കൊടുക്കുന്ന ചടങ്ങൊക്കെ അവിടെയും ഉണ്ട്..വിവാഹ സൽക്കാരം പ്രത്യേകിച്ച് ക്ഷണിച്ചിട്ടില്ലെങ്കിലും മുഴുവൻ ദ്വീപുകാർക്കും കൂടിയാണ്..( ഇപ്പോൾ പലയിടത്തും ക്ഷണക്കത്തുകൾ ഒക്കെയുണ്ട്) ഒരിക്കൽ എന്റെ സ്കൂളിലെ ഒരു ടീച്ചറുടെ വിവാഹമുണ്ടായി.. എന്നോട് എപ്പോഴും സംസാരിക്കാറുള്ള അവൾ പക്ഷെ വിവാഹമൊന്നും വിളിച്ചില്ല… അഭിമാനിയായ നമ്മൾ അങ്ങനെ ക്ഷണിക്കാത്ത കല്യാണത്തിന് പോകാൻ പറ്റില്ലല്ലോ… വിവാഹം കഴിഞ്ഞ ശേഷം പിന്നീടൊരു ദിവസം എന്നോട് ചോദിച്ചു എന്താണ് സാറ് കല്യാണത്തിന് വരാഞ്ഞത് എന്ന്… എന്നെ വിളിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി.. അറ്റോൾ ഓഫീസിൽ നിന്ന് മൈക്കിൽ വിളിച്ചു പറഞ്ഞത് സാറ് കെട്ടില്ലായിരുന്നോ എന്ന് അവൾ… അതായത് അവിടത്തെ സർക്കാർ ഓഫീസിൽ നിന്ന് മൈക്കിൽ ഉറക്കെ വിളിച്ചു പറയുകയായിരുന്നു എല്ലാവരോടും ഭക്ഷണം കഴിക്കാൻ ചെല്ലാൻ… ദിവേഹി മനസ്സിലാകാത്ത എനിക്കറിയോ അത് കല്യാണത്തിനുള്ള ക്ഷണമാണെന്നു.. 😥. എല്ലാ സ്ത്രീകളും കൂടി നമ്മുടെ നാട്ടിൽ പണ്ട് കല്യാണത്തിന് ഭക്ഷണം തയ്യാറാക്കിയിരുന്നത് പോലെ തന്നെയാണ് ഇപ്പോഴും അവിടത്തെ സമ്പ്രദായം… രാത്രിയിലാണ് കല്യാണ പാർട്ടി ഉണ്ടാവുക…. നടുവിൽ നിരത്തി വെച്ചിരിക്കുന്ന ഭക്ഷണം ഓരോരുത്തരും വേണ്ടത്ര എടുത്തു തിന്ന് കൈ കഴുകി പോകുക. അതാണ്‌ പരിപാടി…

മറ്റൊരിക്കൽ ഇത് പോലെ സ്കൂളിലെ തന്നെ വേറൊരു ടീച്ചറുടെ കല്യാണം ഉറപ്പിച്ചു.. കല്യാണ ദിവസം അടുത്തിട്ടും ടീച്ചർ ലീവൊന്നും എടുക്കുന്നത് കാണുന്നില്ല.. എന്നെ ഞെട്ടിച്ചു കൊണ്ട് കല്യാണ ദിവസവും രാവിലെ ടീച്ചർ സ്കൂളിലെത്തി.. അല്ല ടീച്ചറെ ഇന്നല്ലേ ടീച്ചറുടെ കല്യാണം? ലീവ് ഒന്നും എടുക്കുന്നില്ലേ എന്ന് ഞാൻ ചോദിച്ചു.. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്നു ടീച്ചർ.. ഉച്ചക്ക് എല്ലാവരും ഭക്ഷണം കഴിക്കാൻ പോകുന്ന ഒരു മണിക്കൂർ ഗ്യാപ്പിൽ ടീച്ചർ പോയി കല്യാണം കഴിച്ചു… കഥ അവിടം കൊണ്ടും തീരുന്നില്ല.. ഞാൻ ചോറ് തിന്ന് വന്നപ്പോൾ ദേ നിൽക്കുന്നു ആ ടീച്ചർ വീണ്ടും സ്കൂളിൽ… ആകെ ഒരു വ്യത്യാസം പുതിയ ഒരു പർദ്ദ ഇട്ടിട്ടുണ്ട് എന്നതാണ്… വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങളെ എല്ലാവരെയും വീട്ടിലേക്കു കൊണ്ട് പോയി പ്രത്യേകം സൽക്കരിക്കുകയും ചെയ്തു.. കല്യാണം അഥവാ നിക്കാഹ് കോടതിയിൽ ആണ്‌ നടക്കുക.. ഈ പരിപാടിയാണ് ടീച്ചർ ചോറ് തിന്നാനുള്ള ഗ്യാപ്പിൽ പോയി നടത്തിയത്… ചിലയിടത്തു അന്നോ അല്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞോ വരന്റെ വക രാത്രി കല്യാണ പാർട്ടി ഉണ്ടാകും.. നമ്മളെ പോലെ രണ്ട് വീട്ടിലും കല്യാണ പാർട്ടി ഉണ്ടാവൂല.

വിവാഹം, വിവാഹ മോചനം എന്നിവയൊക്കെ അവിടെ കോടതികൾ വഴിയാണെന്ന് പറഞ്ഞല്ലോ… വിവാഹം സിമ്പിൾ ആയി കഴിക്കാമെങ്കിലും വിവാഹ മോചനം ഇപ്പോൾ മാലിദ്വീപിൽ അത്ര പെട്ടെന്ന് നടക്കൂല… വിവാഹ മോചനങ്ങൾ വല്ലാതെ വർധിക്കുകയും കുടുംബ ബന്ധങ്ങൾ ശിഥിലമാവുകയും ഒക്കെ ചെയ്തപ്പോൾ നിയമങ്ങൾ കര്ശനമാക്കിയതാണ്.. കോടതിയിലെ കൗണ്സിലിങ്ങും രണ്ടും മൂന്നും സിറ്റിങ്ങും ഒക്കെ കഴിഞ്ഞേ ഇപ്പോൾ മോചനം നടക്കൂ…. എങ്കിലും വിവാഹ മോചനം ചെയ്ത ഒരു സ്ത്രീക്ക് വീണ്ടും ഒരു വരനെ കിട്ടുക എന്നത് അത്ര പ്രയാസമുള്ള ഒരു കാര്യമല്ല… മാലിദ്വീപിലെ സ്ത്രീകൾക്കുള്ള ഈ മേൽക്കോയിമയുടെ കാരണം അവിടത്തെ സ്ത്രീ പുരുഷ അനുപാതം ആണ്‌.. 100 പെൺകുട്ടികൾക്ക് 130 ആൺ കുട്ടികൾ എന്നതാണ് അനുപാതം… അപ്പൊ സ്വാഭാവികമായും സ്ത്രീകൾക്ക് പ്രാധാന്യം വർധിക്കും..

മാലിക്കല്യാണം എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാവുമല്ലോ അങ്ങനെ ചില സംഭവങ്ങളും ഉണ്ട് മാലിദ്വീപിൽ.. പുരുഷന്മാരുടെ എണ്ണം കൂടുതലായതിനാൽ വിഭാര്യന്മാരായ ചിലർക്കൊക്കെ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടാവും.. അപ്പോഴാണ് ഇവർ മറ്റ് നാടുകളിൽ നിന്ന് പെണ്ണ് കെട്ടാൻ നോക്കുന്നത്.. തിരുവന്തപുരത്തു നിന്നാണ് ഏറ്റവും കൂടുതൽ ഇങ്ങനെ കല്യാണങ്ങൾ നടന്നിട്ടുള്ളത്.. അവിടെ ഇവർക്കായി ഏജന്റുമാർ എന്തിനും തയ്യാറായി നിൽപ്പുണ്ട്.. പലപ്പോഴും പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ ആണ്‌ ഇതിൽ വീണ് പോകുന്നത്.. ഞങ്ങളുടെ ദ്വീപിലും ഉണ്ടായിരുന്നു ഒരു സ്ത്രീ ഇത് പോലെ.. തിരുവനന്തപുരത്തുകാരിയാണ്.. ഭാര്യ ഉപേക്ഷിച്ചു പോയ ഒരു മാലിക്കാരന്റെ ഭാര്യയാണ് ഇപ്പോൾ… ഇവിടത്തെ അവസ്ഥകളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാതെയാണ് അവർ ഈ വിവാഹത്തിന് സമ്മതിച്ചത്.. എന്നാലും രണ്ട് കുട്ടികളുടെ അമ്മയായി ഇപ്പോൾ സന്തോഷത്തോടെ വെയ്മൺടൂവിൽ ജീവിക്കുന്നു.. ഇടക്കാലത്തു അവരുടെ വീട്ടിൽ നിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നു. ആ സമയത്തൊക്കെ അവരുടെ വിഷമങ്ങൾ മലയാളികളായ ഞങ്ങളോടൊക്കെ പങ്ക് വെക്കും..

ഇത് പോലെ അടുത്തുള്ള വീട്ടിലെ ഒരു ചേട്ടനും ഒരു മലയാളി പെൺകുട്ടിയെ അവിടെ കൊണ്ട് വന്നിരുന്നു.. കല്യാണം കഴിക്കാൻ വേണ്ടി.. പക്ഷേ പുള്ളിക്ക് നിലവിൽ ഒരു ഭാര്യയുള്ളതിനാൽ ആ കല്യാണം നടന്നില്ല.. രണ്ടാമത് കല്യാണം കഴിക്കണമെങ്കിൽ നിശിചിത സംഖ്യ വരുമാനം ഉണ്ടാവണം എന്നൊക്കെയുള്ള നിയമങ്ങളുണ്ട് അവിടെ…ആ പെൺകുട്ടിയോട് നേരിട്ട് സംസാരിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് വീട്ടു ജോലിക്കാണെന്നു പറഞ്ഞു മാലിയിൽ കൊണ്ട് വന്ന് ആരുടെയൊക്കെയോ ചതിയിൽ പെട്ട് അവസാനം ഞങ്ങളുടെ ദ്വീപിൽ എത്തിപ്പെട്ടതാണ് ആ മലയാളി പെൺകുട്ടി.. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇത് പോലെ പെൺകുട്ടികളെ കല്യാണം കഴിച്ചു കൊണ്ട് വരുന്നുണ്ട്.

You must be logged in to post a comment Login