പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം; കേന്ദ്ര സേന വിന്യാസം കൂടുതൽ ശക്തമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെതുടർന്നും പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം. സംസ്ഥാന വ്യാപകമായി ബിജെപി ത്യണമുൾ കോൺഗ്രസ് പ്രപർത്തകർ തമ്മിൽ ഇന്നലെ രാത്രിയിലും എറ്റുമുട്ടി. പരാജയ ഭീതി മമതയുടെയും ത്യണമുൾ കോൺഗ്രസ്സിന്റെയും സമനില തെറ്റിച്ചെന്ന് ബിജെപി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും പശ്ചിമ ബംഗാളിലെ രണ്ട് റാലികളിൽ പങ്കെടുക്കും. അതേസമയം കേന്ദ്രസേന വിന്യാസം കൂടുതൽ ശക്തമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് നിർദേശിച്ചു.

വ്യാപക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണ സമയം ഇന്നലെ രാത്രി വെട്ടിക്കുറച്ചിരുന്നു. മേയ് 19ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് രാത്രി അവസാനിപ്പിക്കാനാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെയും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലകളിൽ നിന്ന് കമ്മീഷൻ മാറ്റുകയും ചെയ്തു.

കമ്മീഷന്റെ നടപടികളെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉള്ളത് ആർഎസ്എസു കാരാണെന്ന് മമത പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ തനിക്ക് പേടിയില്ല. പരാജയ ഭീതി ബാധിച്ച മമതയുടെ സമനില തെറ്റിയതാണ് സംസ്ഥാനത്തെ വ്യാപക അക്രമങ്ങൾക്ക് കാരണം എന്ന് ബിജെപിയും ആവർത്തിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിന് ശേഷവും പശ്ചിമ ബംഗാളിൽ സംഘർഷം വ്യാപിക്കുകയാണ്. ഇന്നലെ രാത്രിയിലും സംസ്ഥാന വ്യാപകമായ് ത്യണമൂൽ ബിജെപി പ്രപർത്തകർ വിവിധ ഇടങ്ങളിൽ എറ്റുമുട്ടി. നോർത്ത്, സൗത്ത് കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, മഥുരാപൂർ, ജയ്‌നഗർ, ബസിർഹത് തുടങ്ങി 9 സീറ്റുകളിലേക്കാണ് അവസാന ഘട്ടത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടും മമത ബാനർജി നാലും റാലികളിലും രണ്ട് റോഡ് ഷോകളിലും ഇന്ന് പങ്കെടുക്കും.

You must be logged in to post a comment Login