പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി, തൃണമൂലിന് മുന്നേറ്റം

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി, തൃണമൂലിന് മുന്നേറ്റം

പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കലിയാഗഞ്ച് മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേപ് സിന്‍ഹ ബി.ജെ.പിയുടെ കമല്‍ ചന്ദ്ര സര്‍ക്കാരിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്‌ – സി.പി.എം സഖ്യ സ്ഥാനാര്‍ഥി ദിത്തശ്രീ റോയിയാണ് ഇവിടെ മൂന്നാം സ്ഥാനത്ത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശേഷിച്ച രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുമ്പില്‍. ദേശീയ പൗരത്വ പട്ടിക അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നിട്ടും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സി.പി.എമ്മുമായി ചേര്‍ന്ന് സഖ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസിന് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാനായെങ്കിലും കരീംപൂര്‍, കരഗ്പൂര്‍ സദര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമായ മേധാവിത്വമാണ് പുലര്‍ത്തുന്നത്. കരീംപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിമലേന്ദു സിന്‍ഹ റോയിയാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ ജയ് പ്രകാശ് മജുംദാറാണ് തൊട്ടുപിന്നില്‍. സി.പി.എമ്മിന്റെ ഗോലം റാബി മൂന്നാം സ്ഥാനത്താണ്.

കരഗ്പൂര്‍ സദര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രദീപ് സര്‍ക്കാര്‍ ലീഡ് ചെയ്യുമ്പോള്‍ ബി.ജെ.പിയുടെ പ്രേം ചന്ദ്ര ഝായാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ ചിത്തരഞ്ജന്‍ മണ്ഡലിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

ഈ വിജയം ബംഗാളിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ബി.ജെ.പിയുടെ അധികാര ദാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണിതെന്നും ബംഗാളിലെ ജനതയെ അപമാനിച്ചതിനുള്ള കൂലിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും മമത കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login