പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചേക്കും; യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു

us-house-leadവാഷിങ്ടണ്‍: പാകിസ്താനെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമ നിര്‍മാണത്തിന് അമേരിക്ക തയാറെടുക്കുന്നു. ഇതുസംബന്ധിച്ച് യുഎസ് കോണ്‍ഗ്രസില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തര്‍ദേശീയ തലത്തില്‍ പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് റിപ്പോര്‍ട്ട് പുറത്തിറക്കും. തുടര്‍ന്ന് മുപ്പത് ദിവസത്തിനു ശേഷം സ്റ്റേറ്റ് സെക്രട്ടറി ഒരു തുടര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുക മൂലം പാകിസ്താന്‍ ഇതു സംബന്ധിച്ച മാനദണ്ഡങ്ങളെ എങ്ങനെ മറികടക്കുന്നു എന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. ബില്‍ സംബന്ധിച്ച് നാല് മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക തീരുമാനം കൈക്കൊള്ളും.

പാകിസ്താന്‍ വര്‍ഷങ്ങളായി അമേരിക്കയുടെ ശത്രുക്കള്‍ക്ക് സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിവരികയാണ്. ഭീകരവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് എന്നത് സംബന്ധിച്ച് നിരവധി തെളിവുകളുണ്ട്. ഇത് അമേരിക്കയുടെ മാത്രം വിഷയമല്ലെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും ഭീകരവിരുദ്ധ ഉപസമിതി അധ്യക്ഷനുമായ ടെഡ് പോ വ്യക്തമാക്കി.

ഉറിയിലെ സൈനിക കേന്ദ്രത്തിലുണ്ടായ തീവ്രവാദി അക്രമത്തെ അപലപിച്ച ടെഡ് പോ, ജിഹാദി തീവ്രവാദ സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുന്ന പാകിസ്താന്റെ നിരുത്തരവാദ സമീപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉറിയിലെ ആക്രമണമെന്നും വ്യക്തമാക്കി. അയല്‍ രാജ്യങ്ങള്‍ക്ക് പാകിസ്താന്‍ സൃഷ്ടിക്കുന്ന സുരക്ഷാ വെല്ലുവിളികള്‍ക്ക് ഇന്ത്യ നിരന്തരം ഇരയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകള്‍ക്ക് അന്താരാഷ്ട തലത്തില്‍ പിന്തുണ നല്‍കുന്നതാണ് അമേരിക്കയുടെ നീക്കം. നേരത്തെ ലോകരാജ്യങ്ങള്‍ ഭീകരതയുടെ പേരില്‍ പാകിസ്താനെ വിമര്‍ശിച്ചിരുന്നു.

You must be logged in to post a comment Login