പാകിസ്താന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏത് റോളും സ്വീകരിക്കാന്‍ തയ്യാറെന്ന് ട്രംപ്

tt

ഇസ്ലാമാബാദ്: പാകിസ്താന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏത് റോളും സ്വീകരിക്കാന്‍ തയ്യാറെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറിയിച്ചു. അഭിനന്ദനം അറിയിക്കാന്‍ ടെലഫോണില്‍ വിളിച്ച ഷെരീഫിനോടാണ് ട്രംപിന്റെ സഹായ വാഗ്ദാനം.

പാകിസ്താന്റെ നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരത്തിനായി താന്‍ തയ്യാറാണെന്നും വ്യക്തിപരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അതും ഏറ്റെടുക്കാമെന്നും ട്രംപ് അറിയിച്ചു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ജനവരി 20 ന് മുമ്പാണെങ്കില്‍ പോലും തന്നെ സ്വതന്ത്രമായി സമീപിക്കാമെന്നും ട്രംപ് അറിയിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നവാസ് ഷരീഫുമായി കൂടിക്കാഴ്ചയ്ക്കും ട്രംപ് താത്പര്യം പ്രകടിപ്പിച്ചെന്ന് പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ സന്ദര്‍ശിക്കാനായി ഷരീഫ് ട്രംപിനെ ക്ഷണിച്ചപ്പോള്‍ താന്‍ പാക് ജനതയെ വളരെ അധികം സ്‌നേഹിക്കുന്നെന്നും ബുദ്ധിമാന്‍മാരായ ഒരു ജനതയാണ് അവിടെയുള്ളതെന്നും അവരെ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യ-പാക് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മാത്രമെ അതിന് തയ്യാറാകൂ എന്നാണ് അന്ന് പറഞ്ഞത്.

You must be logged in to post a comment Login