പാകിസ്താന്‍ കോടതിയില്‍ ഇരട്ട സ്‌ഫോടനം: 12 മരണം; 40 പേര്‍ക്ക് പരിക്ക്

mardan-attack-afp_650x400_71472800222ഇസ്ലാമാബാദ്: പാകിസ്താനിലെ മര്‍ദാനിലെ ജില്ലാ കോടതിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 40 ലേറെ പേര്‍ക്ക് പരിക്കേറ്റു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മേഖലയില്‍ ഇരട്ട സ്‌ഫോടനം നടന്നത്. ആദ്യത്തേത് ചെറിയ സ്‌ഫോടനമായിരുന്നുവെന്നും ഇതിനു പിന്നാലെയാണ് ചാവേര്‍ ആക്രമണമുണ്ടായതെന്നും പൊലീസ് അറിയിച്ചു. മര്‍ദാന്‍ ജില്ലാ കോടതി വളപ്പിലേക്ക് എത്തിയ ചാവേര്‍ കയ്യിലുണ്ടായിരുന്ന ഗ്രനേഡ് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മേഖലയിലെ ആശുപത്രികളില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ പെഷവാറിലെ ക്രിസ്ത്യന്‍ കോളനിക്ക് നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ നാലു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. ആക്രമണത്തില്‍ ഒരു കോളനിവാസിയും കൊല്ലപ്പെട്ടിരുന്നു.

പാകിസ്താനിലെ അഭിഭാഷക സമൂഹത്തിനു നേരെ നിരവധി തവണ ചാവേറാക്രമണങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ മാസം ബലൂചിസ്താനിലെ ക്വറ്റയില്‍ കോടതിക്ക് മുന്നിലുണ്ടായ ചാവേറാക്രമണത്തില്‍ 65 ഓളം പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login