പാകിസ്താന്‍ ഫുഡ്‌ബോള്‍ താരം ഷാഹ്‌ലില അഹ്മദ്‌സായി കാറപകടത്തില്‍ മരിച്ചു

shahlyla

കറാച്ചി: പാകിസ്താന്‍ ഫുട്‌ബോള്‍ താരം ഷാഹ്‌ലില അഹ്മദ്‌സായി(20) കാറപകടത്തില്‍ മരിച്ചു. കറാച്ചി ഡി.എച്ച്.എ. ഫെയ്‌സ് എട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ഷാഹ്‌ലില സഞ്ചരിച്ച ടൊയോട്ട കൊറോള കാര്‍ നിയന്ത്രണം വിട്ട് ഒരു പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെത്തുടര്‍ന്ന് താരം തല്‍ക്ഷണം മരണപ്പെട്ടു.കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാക് വനിതാ ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് ഷാഹ്‌ലില .പാക് വനിതാ ടീം കളിച്ച അവസാന അന്താരാഷ്ട്ര മത്സരമായ സാഫ് വനിതാ ഫുട്‌ബോളിലും ഷാഹ്‌ലില മത്സരിച്ചിരുന്നു.പാക് ആഭ്യന്തര ഫുട്‌ബോളില്‍ ബലൂചിസ്താന്‍ യുണൈറ്റഡ് എഫ്.സി.യുടെ താരമായിരുന്നു. പാക് യുവതികളെ ഫുട്‌ബോളിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ താരം വലിയ പങ്കാണ് വഹിച്ചിരുന്നു.
മാറഡോണയെയും മെസ്സിയെയും കണ്ടുപഠിച്ച് ഏഴാം വയസ്സ് മുതല്‍ പന്ത് തട്ടിത്തുടങ്ങിയ ഷാഹ്‌ലില 2009, 2011, 2013 വര്‍ഷങ്ങളില്‍ മികച്ച പാക് വനിതാ ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. മികച്ച യുവ വനിതാ താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്. പാകിസ്താനുവേണ്ടി ഹാട്രിക് നേടിയ ഏക വനിതാ താരവുമാണ് ഷാഹ്‌ലില. മുന്‍ പ്രവിശ്യാമന്ത്രിയും പാക് വനിതാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷയുമായ റുബിന ഇര്‍ഫാന്റെ മകളാണ് ഷാഹ്‌ലില.

You must be logged in to post a comment Login