പാകിസ്ഥാനില്‍ കോപ്ടര്‍ തകര്‍ന്ന് വിദേശ നയതന്ത്രജ്ഞര്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ സൈനിക ഹെലികോപ്ടര്‍ സ്‌കൂളിനുമേല്‍ തകര്‍ന്നു വീണ് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം ഏഴു പേര്‍ മരിച്ചു. ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയില്‍ ആണ് അപകടം നടന്നതെന്നും ഏഴുപേര്‍ മരിച്ചുവെന്നും സൈന്യം അറിയിച്ചു.
രണ്ട് വിദേശ അംബാസഡര്‍മാരും മറ്റു രണ്ട് അംബാസഡര്‍മാരുടെ ഭാര്യമാരും രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനുംമരിച്ചവരില്‍ ഉള്‍പ്പെടുന്നു. നോര്‍വീജിയന്‍ അംബാസഡര്‍ ലൈഫ് ലാര്‍സണ്‍, ഫിലിപ്പീന്‍ അംബാസഡര്‍ ഡൊമിംഗോ ലുസെനാരിയോയും ആണ് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യന്‍, മലേഷ്യന്‍ അംബാസഡര്‍മാരുടെ ഭാര്യമാരാണ് മരിച്ച രണ്ടു സ്ത്രീകള്‍. ഡച്ച്, പോളിഷ് അംബാസഡര്‍മാര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. നാലു ദിവസത്തെ വിനോദയാത്രക്ക് തിരിച്ചതായിരുന്നു നയതന്ത്ര സംഘം.
17 പേരായിരുന്നു അപകടത്തില്‍ പെട്ട റഷ്യന്‍ നിര്‍മിത എം.ഐ- 17 ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്നും ഇതില്‍ 11 പേര്‍ വിദേശികള്‍ ആയിരുന്നുവെന്നും സൈനിക വക്താവ് മേജര്‍ ജനറല്‍ അസിം ബജ്വ അറിയിച്ചു. അപകടത്തില്‍ രക്ഷപ്പെട്ട മറ്റു യാത്രക്കാര്‍ക്ക് ചെറുതും വലുതുമായ പരിക്കുകള്‍ ഉണ്ട്. ഇവരെ ജുത്യാലിലെ കമ്പൈയ്ന്‍ഡ് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്തു നിന്നും 30 കിലോമീറ്റര്‍ ദൂരെയാണ് ഈ ആശുപത്രി. വിമാനത്തിന് സാങ്കേതിക തകരാര്‍ തോന്നിച്ചിരുന്നതായി തകര്‍ന്നുവീഴുന്നത് കണ്ടവരില്‍ ഒരാള്‍ പറഞ്ഞു. തലസ്ഥാനമായ ഇസ്‌ലാമാദില്‍ നിന്ന് 300 കിലോമീറ്റര്‍ വടക്ക് ആണ് കോപ്ടര്‍ തകര്‍ന്നുവീണ ഗില്‍ജിത്- ബാള്‍ട്ടിസ്താന്‍ അടങ്ങുന്ന നാല്‍താള്‍ താഴ്‌വര. ഹിമാലയം, കാരക്കോണം, ഹിന്ദുക്കുഷ് മലനിരകളാല്‍ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണിത്.
നയതന്ത്ര സംഘത്തിനടുത്തേക്ക് യാത്ര തിരിച്ച പ്രധാനമന്ത്രി നവാസ് ഷെരീഫ് അപകട വിവരം അറിഞ്ഞ് യാത്രാമധ്യേ മടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അദ്ദേഹം അതിയായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. അതേസമയം ഹെലികോപ്ടര്‍ തങ്ങള്‍ വെടിവെച്ചിട്ടതാണെന്ന് പാക് താലിബാന്‍ അവകാശപ്പെട്ടു. വിമാനവേധ മിസൈല്‍ ഉപയോഗിച്ച് കോപ്ടര്‍ തകര്‍ത്തതായാണ് അവകാശവാദം. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. പാക് സൈന്യവും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

You must be logged in to post a comment Login