പാക് ഭൂകമ്പത്തില്‍ മരണം 328 ആയി

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താനില്‍ ചൊവ്വാഴ്ച വൈകീട്ടുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 328 ആയി. ഭൂകമ്പ മാപിനിയില്‍ 7.7 രേഖപ്പെടുത്തിയ ചലനത്തില്‍ നാനൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരായി.

ബലൂചിസ്താന്‍ പ്രവിശ്യയിലെ ആവാരാന്‍ ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആവാരാന്‍, കീച്ച് ജില്ലകളില്‍ ഭൂകമ്പം കനത്ത നാശം വിതച്ചു. ആവാരാനില്‍ മാത്രം 285 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുല്‍ റഷീദ് ഗൊഗസായി പറഞ്ഞു. കീച്ച് ജില്ലയില്‍ നിന്ന് 42 മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദുരന്ത നിവാരണത്തിനായി സൈന്യം പുറപ്പെട്ടതായി പ്രവിശ്യാ ആഭ്യന്തര സെക്രട്ടറി ആസാദ് ഗീലാനി പറഞ്ഞു. ഭൂകമ്പത്തില്‍ ഗ്വദര്‍ തീരത്ത്, അറേബ്യന്‍ ഉള്‍ക്കടലില്‍ ചെറിയ ദ്വീപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

ഗ്വദര്‍, പഞ്ച്ഗുര്‍, ഛഗി, ഖുസ്ദര്‍ എന്നീ ജില്ലകളിലും ഭൂകമ്പം സാരമായി ബാധിച്ചതായി ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ജാന്‍ മുഹമ്മദ് ബുലേദി വ്യക്തമാക്കി. 328 പേര്‍ മരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും ഗള്‍ഫിലും ചലനം അനുഭവപ്പെട്ടിരുന്നു. കറാച്ചിയിലെ കെട്ടിടങ്ങളില്‍ ആളുകളെ സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു.

പ്രഭവ കേന്ദ്രമായ ആവാരാനു അമ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ അറുപതിനായിരത്തോളം പേര്‍ താമസിക്കുന്നുണ്ട്. ഇവിടെയുള്ള 90 ശതമാനം വീടുകളും തകര്‍ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. മണ്‍കട്ട കൊണ്ട് നിര്‍മിച്ചവയാണ് ഇവിടുത്തെ മിക്ക വീടുകളും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ സംഘമുള്‍പ്പെടെ 1000 ട്രൂപ്പുകളെയാണ് സൈന്യം പ്രദേശത്തേക്ക് അയച്ചിട്ടുള്ളത്. ഇറാന്‍, തുര്‍ക്കി എന്നീ രാഷ്ട്രങ്ങള്‍ പാകിസ്താന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആവാരാന്‍ ജില്ലാ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടര്‍ വഴി കറാച്ചിയിലെത്തിക്കുകയാണ്. പലയിടങ്ങളും സൈന്യം താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ബലൂചിസ്താന്‍ മേഖലയില്‍ ഈ വര്‍ഷമുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. ഏപ്രിലിലുണ്ടായ ഭൂകമ്പത്തില്‍ 35 പേര്‍ മരിക്കുകയും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

You must be logged in to post a comment Login