പാടിപ്പതിഞ്ഞ പാട്ടുകളുമായി


ഷാഹുല്‍ ഹമീദ് കോഡൂര്‍

സംഗീത ലോകത്ത് ഹൈടെക് വിപ്ലവം നടക്കുമ്പോഴും ഗ്രാമഫോണ്‍ റെക്കോഡുകളില്‍ ആയിരക്കണക്കിന് ഗാനങ്ങളുടെ ശേഖരവുമായി പഴയകാല ഗായകരെയും സംഗീത സംവിധായകരെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് അലവിക്കുട്ടി. ഇന്നത്തെ തലമുറയ്ക്ക് തീര്‍ത്തും അന്യമായ പഴയ ഗാനങ്ങളുടെ വലിയൊരു ശേഖരത്തിനുടമയാണ് മലപ്പുറം ജില്ലയിലെ കോഡൂര്‍ അല്ലക്കാട്ട് അലവിക്കുട്ടി (കുഞ്ഞാപ്പ).
കെ ഗുല്‍മുഹമ്മദ് (പ്രശസ്ത പാട്ടുകാരന്‍ കെ. ജി സത്താറിന്റെ പിതാവ്) പാടിയ ഗ്രാമഫോണ്‍ റെക്കോഡാണ് ഈയിനത്തില്‍ ശ്രദ്ധേയം. മറ്റൊന്ന്:
‘ആയേ നിയോഗമേ ഇതോ….
അല്‍പ്പം മുമ്പില്ലയോ ദയ’
1937 ലെ തെരഞ്ഞെടുപ്പുകാലം. റേഷനരി ഡിപ്പോയിലെ ബഹളം, കല്യാണക്കാഴ്ച എന്നീ റെക്കോഡുകളില്‍ സാമൂഹിക പാശ്ചാത്തലം കോര്‍ത്തിണക്കിയ ഗാനങ്ങളുമുണ്ട്. കെ. ജി സത്താര്‍ ചെറുപ്രായത്തില്‍ പാടിയ പ്യാരെ, പ്യാരെ എന്ന ഗാനവും ശേഖരത്തിലുണ്ട്.
‘മുസല്‍മാന്‍മാരുടെ പേരിട്ട്
മുസ്ലീം വേഷമണിഞ്ഞിട്ട്
മത വിശ്വാസികള്‍ എന്നല്ലേ……
എന്ന ഗാനവും ഏറെ ജനപ്രീതി നേടുകയുണ്ടായി. സത്താറിന്റെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.
1930 കാലഘട്ടത്തില്‍ മലപ്പുറത്തിനടുത്തുള്ള പടപ്പറമ്പ് ആക്കപ്പറമ്പിലെ കെ കുഞ്ഞിക്കമ്മദ് പാടിയ ഗ്രാമഫോണ്‍ റെക്കോഡും പിന്നീട് പുറത്ത് വന്നു. തിരൂരിനടുത്തുള്ള തലക്കടത്തൂരിലെ കെ. പി അഹമ്മദ് കുട്ടിയുടെ ഗ്രാമഫോണ്‍ റെക്കോഡും പ്രചാരം നേടി. ഇവര്‍ രണ്ട് പേരുമാണ് മലപ്പുറത്ത് നിന്ന് ആദ്യമായി റെക്കോഡില്‍ പാട്ടുപാടിയത്. കെ. അഹമ്മദ് കുട്ടി, സി.ഐ അബൂബക്കര്‍, എസ്.എം കോയ എന്നിവരും ഈ രംഗത്ത് തിളങ്ങിയതാണ്. ഇന്നത്തെപ്പോലെ ആധുനിക സംഗീത ഉപകരണങ്ങളും സംവിധാന മഹിമയും ഇല്ലാത്ത ഒരു കാലത്താണ് ഈ പാട്ടുകള്‍ ജന ശ്രദ്ധനേടിയത്.
കോഴിക്കോട്ടെ ആദ്യകാല പാട്ടുകാരായ എസ്.എം കോയ, സി.എ അബൂബക്കര്‍, അബ്ദുല്‍ ഖാദിര്‍, മച്ചാട് കൃഷ്ണന്‍, എം ബാബുരാജ് എന്നിവരുടെ സംഗീത വിസ്മയങ്ങളും ശേഖരത്തിലുണ്ട്. എസ്.എം കോയയുടെ ആദ്യകാല പാട്ടുകള്‍ ഓര്‍ക്കുമ്പോള്‍ അമീര്‍ ബായ് പാടിയ
അക്കിയമിലാക്കെ ജിത പരമാ
കെ ചെലേ ന ഹിജാനാ.. ഈണത്തിലുള്ള
‘ഭക്ഷണം ഇല്ലാതെ മരണം വല്ലാതെ
വലയുന്നു ദേവി ഓ… വലയുന്നു ദേവി ‘
എന്ന വരികള്‍ എടുത്തു പറയേണ്ടതാണ്. മോയിന്‍കുട്ടി വൈദ്യരുടെ രചനയിലെ പല പാട്ടുകളും എസ്.എം കോയ പാടിയിട്ടുണ്ട്. കോല്‍ക്കളിപ്പാട്ടുകളും കൈകൊട്ടിപ്പാട്ടുകളുമെല്ലാം പാടിയ ഇദ്ദേഹം ഇന്നത്തെ തലമുറയ്ക്ക് അപരിചിതനെങ്കിലും പഴമക്കാര്‍ക്ക് സുപരിചിതനാണ്. സി.എ അബൂബക്കറും ഹൃദ്യമായ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് വന്ന ബാബുരാജ് സംഗീതം നല്‍കിയ നിരവധി ഗാനങ്ങളുണ്ടെങ്കിലും അദ്ദേഹം പാടിയ പാട്ടുകള്‍ക്കാണ് ഏറെ പ്രാധാന്യം.
‘കൊയ്ത്തരിവാള്‍ ഏന്തിടുന്ന കൈകളില്‍
ഈ കൈവിലങ്ങുകണ്ടിടുന്നതെന്തെ
കട്ട തല്ലി വിത്ത് പാകും കൂട്ടരേ..
ഈ ഒട്ടിയ വയറ് കാണ്‍മതെന്തെ
നെല്ല് കാക്കും പെണ്‍കൊടി തന്‍ കണ്ണില്
ഈ കണ്ണീര് തങ്ങി നില്‍പ്പതെന്തേ
പട്ടണത്തിന് ജീവനേകും കൂട്ടരേ
നിങ്ങള്‍ പട്ടിണിയില്‍ നീറിടുന്നതെന്തേ ‘
എന്ന ബാബുക്കയുടെ ഗാനവും ശേഖരത്തിലുണ്ട്‌

You must be logged in to post a comment Login