പാദത്തിന്റെ വിണ്ടുകീറല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പാദങ്ങള്‍ വിണ്ടുകീറുന്നത് സാധാരണയാണ്. എന്നാല്‍ മറ്റുപല രോഗങ്ങള്‍ കാരണവും ഇങ്ങനെ സംഭവിക്കാം. പാദങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തവരിലും പ്രമേഹ രോഗികളിലും അത്‌ലറ്റ്‌സ് ഫൂട്ട് ഉള്ളവരിലും കാല്‍ വിള്ളല്‍ സര്‍വസാധാരണമാണ്. കാലിലെ വിരലുകള്‍ക്കിടയിലുണ്ടാകുന്ന പൂപ്പല്‍ രോഗമാണ് അത്‌ലറ്റ്‌സ് ഫൂട്ട് എന്ന രോഗം. ഒരുതരം ഫംഗസ് ആണ് രോഗ കാരണം. സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍  ആണ് കണ്ടുവരുന്നത്. ചിലപ്പോള്‍ ഈ അവസ്ഥ തൊലിയുടെ രണ്ടാം നിരയിലേക്കും വ്യാപിക്കാറുണ്ട്. ഈ അവസ്ഥയില്‍ കടുത്ത വേദന അനുഭവപ്പെടും. പാദങ്ങളില്‍ ഉണ്ടാകുന്ന അമിതമര്‍ദം, പൊണ്ണത്തടി ഇവയൊക്കെ വേദനാജനകമായ വിള്ളലിന് കാരണമാകുന്നു.
അധികനേരം നിന്ന് ജോലിചെയ്യുക, പരുപരുത്ത പ്രതലത്തില്‍ ഏറെനേരം നില്‍ക്കുക, അമിതവണ്ണം തുടങ്ങിയവയും നേരത്തേ സൂചിപ്പിച്ചതുപോലെ തൊലിയിലുണ്ടാകുന്ന അമിതവരള്‍ച്ചയും ചൊറിച്ചിലും ഒക്കെ കാരണങ്ങളില്‍പെടുന്നു. സോറിയാസിസ്, എക്‌സിമ തുടങ്ങിയ ത്വഗ്രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയും രോഗ കാരണങ്ങളില്‍പെടും. മഞ്ഞുകാലത്തെ ഈ രോഗത്തിന്റെ കാഠിന്യം വര്‍ധിക്കും. മഞ്ഞുകാലത്ത് സോപ്പിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം. സോപ്പു തേച്ചാല്‍ ചര്‍മം കൂടുതല്‍ വളരാന്‍ സാധ്യതയുണ്ട്. പകരം പയറുപൊടിയോ കടലമാവോ ഉപയോഗിച്ചാല്‍ ചര്‍മത്തിന് കൂടുതല്‍ സ്‌നിഗ്ധത കിട്ടും. സോപ്പ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഗിസറിന്‍ അടങ്ങിയിട്ടുള്ള സോപ്പ് ഉപയോഗിക്കാം.
പാദങ്ങള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുകയും പാദങ്ങള്‍ മൂടുന്ന വൃത്തിയുള്ള പാദുകങ്ങള്‍ ധരിക്കുകയും ചെയ്യുക. ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടാം. നന്നായി പഴുത്ത നേന്ത്രപ്പഴം പള്‍പ്പാക്കി പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം.
ഉറങ്ങുന്നതിനു മുമ്പ് പാദങ്ങള്‍  പത്തു മിനിറ്റു നേരം ഉപ്പുവെള്ളത്തില്‍  മുക്കി വയ്ക്കുക. വെളിച്ചെണ്ണ, പശുവിന്‍ നെയ്യ്, തേന്‍, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് മിശ്രിതം പുരട്ടിയാല്‍ വിണ്ടു കീറലിന് ആശ്വാസം കിട്ടും.
വിണ്ടുകീറിയ ഉപ്പൂറ്റിയിലും പരുപരുത്ത കൈകാലു കളിലും ബേബി ഓയിലോ നല്ലെണ്ണയോ പുരട്ടി മസാജ് ചെയ്യുക. ചെറു ചൂടു വെള്ളത്തില്‍ പത്തു മിനിറ്റു നേരം മുക്കി വയ്ക്കുക. അതിനുശേഷം വീര്യം കുറഞ്ഞ സോപ്പോ പയറു പൊടിയോ ഉപയോഗിച്ച് ബ്രഷ് കൊണ്ട് ഉരച്ചുകഴുകണം. അതിവേദന ഉണ്ടാവുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടത് അത്യാവശ്യമാണ.്‌

You must be logged in to post a comment Login